ചരിത്രനേട്ടത്തില്‍ സാനിയയും ഹിംഗിസും

സിഡ്നി: ടെന്നിസ് ഡബ്ള്‍സില്‍ തുടര്‍ച്ചയായ 29 വിജയവുമായി ഇന്ത്യയുടെ സാനിയ മിര്‍സ-ചെക് താരം മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് പുതിയ ലോക റെക്കോഡ്. സിഡ്നി ഇന്‍റര്‍നാഷനല്‍ സെമിയില്‍ ശക്തമായി പൊരുതിയ റുമേനിയയുടെ റലുക ഒലാരു-കസാഖ്സ്താന്‍െറ യാരുസ്ളാവ ഷ്വെഡാവ സഖ്യത്തെ 4-6, 6-3, 10-8ന് മറികടന്നാണ് സാനിയയും കളിക്കൂട്ടുകാരിയും സ്വപ്നക്കുതിപ്പുമായി ചരിത്രത്തിലേക്ക് നടന്നുകയറിയത്്. 1994ല്‍ ഗിജി ഫെര്‍ണാണ്ടസ്-നടാഷ സ്വരേവ സഖ്യം കുറിച്ച തുടര്‍ച്ചയായ 28 ജയമെന്ന റെക്കോഡ് ഇതോടെ പഴങ്കഥയായി. ജാന നൊവോത്ന-ഹെലെന സുകോവ സഖ്യം 1990ല്‍ നേടിയ തുടര്‍ച്ചയായ 44 ജയമെന്ന വലിയ റെക്കോഡ് മറികടക്കലാകും ഇനി ഇരുവരുടെയും ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം വിംബ്ള്‍ഡണിലും യു.എസ് ഓപണിലും ഉള്‍പ്പെടെ ഒമ്പതു കിരീടങ്ങളുമായി ലോക ഒന്നാം നമ്പര്‍ ജോടിയായി കോര്‍ട്ടുകള്‍ കീഴടക്കിയ ടീം പുതിയ വര്‍ഷത്തില്‍ രണ്ടാം കിരീടത്തിനരികെയാണ്. ഒരാഴ്ച മുമ്പ് ബ്രിസ്ബേനിലായിരുന്നു ആദ്യ കിരീടം. വ്യാഴാഴ്ച സെമിയില്‍ ആദ്യ സെറ്റ് 4-6ന് നഷ്ടപ്പെടുകയും 1-2ന് രണ്ടാം സെറ്റില്‍ പിറകിലാകുകയും ചെയ്തശേഷമായിരുന്നു ഉജ്ജ്വല തിരിച്ചുവരവുമായി ഇരുവരും കളിയും റെക്കോഡും സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്. അടുത്തയാഴ്ച ആസ്ട്രേലിയന്‍ ഓപണ്‍ ആരംഭിക്കാനിരിക്കെ കലാശപ്പോരാട്ടം ജയിക്കാനായാല്‍ രണ്ടു കിരീടങ്ങള്‍ സഖ്യത്തിന് ആത്മവിശ്വാസം നല്‍കും.
ഗ്രാന്‍ഡ്സ്ളാം ടൂര്‍ണമെന്‍റുകള്‍ക്കു പുറമെ ഇന്ത്യാന വെല്‍സ്, മിയാമി, ചാള്‍സ്റ്റണ്‍, ഗ്വാങ്ചോ, വുഹാന്‍, ബെയ്ജിങ്, ഡബ്ള്യു.ടി.എ ഫൈനല്‍സ്, ബ്രിസ്ബേന്‍ എന്നിവയാണ് 2015ലും 2016ലുമായി ഇരുവരും നേടിയ കിരീടങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.