ആസ്ട്രേലിയന്‍ ഓപണ്‍: നദാല്‍, വീനസ് ആദ്യ റൗണ്ടില്‍ പുറത്ത്

മെല്‍ബണ്‍: 14ാം ഗ്രാന്‍ഡ് സ്ളാമണിഞ്ഞിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. കിരീടമില്ലാതെ അവസാനിച്ച കഴിഞ്ഞ സീസണിന് ഇക്കുറി പരിഹാരക്രിയ തീര്‍ക്കുമെന്നുറപ്പ് നല്‍കിയായിരുന്നു സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ മെല്‍ബണിലത്തെിയത്. പരിക്കിനെ അതിജയിച്ച് കോര്‍ട്ടില്‍ സജീവമായ നദാലിനെ കാത്തിരുന്നത് മറ്റൊരു ദുരന്തം. 15ാം ഗ്രാന്‍ഡ് സ്ളാമിലേക്ക് റാക്കറ്റേന്തിയ ലോക അഞ്ചാം നമ്പര്‍ താരത്തെ ആദ്യ റൗണ്ടില്‍ വേരോടെ പിഴുതെറിഞ്ഞ നാട്ടുകാരന്‍ ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയുടെ സ്വപ്നസമാന അട്ടിമറിയില്‍ ആസ്ട്രേലിയന്‍ ഓപണിന്‍െറ രണ്ടാം ദിനം മുങ്ങിപ്പോയി. കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍െറ കാലം കഴിഞ്ഞുവെന്ന വിമര്‍ശകരുടെ വാദങ്ങള്‍ക്ക് അടിവരയിടുന്നതായി ഒന്നാം റൗണ്ടിലെ മടക്കടിക്കറ്റ്. ആസ്ട്രേലിയന്‍ ഓപണില്‍ ആദ്യമായും കരിയറില്‍ രണ്ടാമതുമാണ് നദാല്‍ ഒന്നാം റൗണ്ടില്‍ പുറത്താവുന്നത്. നേരത്തെ 2013 വിംബ്ള്‍ഡണിലായിരുന്നു സ്പാനിഷ് താരത്തിന്‍െറ ആദ്യ റൗണ്ട് പുറത്താവല്‍.
മണിക്കൂറുകള്‍ ദൈര്‍ഘ്യമേറിയ പോരാട്ടങ്ങളിലൂടെ കളി പിടിച്ചെടുക്കുന്ന പഴയ നദാലായി ചൊവ്വാഴ്ച മെല്‍ബണ്‍ പാര്‍ക്കില്‍ ഉദിച്ചുയര്‍ന്നത് 45ാം റാങ്കുകാരന്‍ ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയായിരുന്നു. സീഡില്ലാതെയത്തെിയ വെര്‍ഡാസ്കോ നാല് മണിക്കൂറും 41 മിനിറ്റും കളം നിറഞ്ഞുവാണപ്പോള്‍ അഞ്ചു സെറ്റിലായിരുന്നു മത്സരം തീര്‍പ്പായത്. സ്കോര്‍: 7-6, 4-6, 3-6, 7-6, 6-2.

ഫെര്‍ണാണ്ടോ വെര്‍ഡാസ്കോ

ടൈബ്രേക്കറില്‍ ഫലം നിര്‍ണയിച്ച ആദ്യ സെറ്റില്‍ തന്നെ 32കാരന്‍ വെര്‍ഡാസ്കോ സൂപ്പര്‍താരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒന്നാം സെറ്റില്‍ നാല് ഡബ്ള്‍ ഫാള്‍ട്ടുകള്‍ വരുത്തിയ നദാല്‍ പക്ഷേ, രണ്ടും മൂന്നും സെറ്റില്‍ നല്ലകുട്ടിയായി. ഉജ്ജ്വലമായ തിരിച്ചുവരവിലൂടെ വ്യക്തമായ മേധാവിത്വം സ്ഥാപിച്ചായിരുന്നു തുടര്‍ച്ചയായ രണ്ട് സെറ്റുകളും വരുതിയിലാക്കിയത്. വിജയമുറപ്പിക്കാനിറങ്ങിയ നാലാം സെറ്റില്‍ പക്ഷേ, നദാലിന് എല്ലാം കൈവിട്ടു. ആദ്യ നാല് പോയന്‍റ് വരെ ലീഡ് നേടിയെങ്കിലും വെര്‍ഡാസ്കോയുടെ ബാക് ഹാന്‍ഡ് ഷോട്ടുകളുടെ കരുത്തിനൊപ്പം ഓടിയത്തൊന്‍ നദാലിന് കഴിഞ്ഞില്ല. ശരീരവും പോരാട്ടമനസ്സും രണ്ടുപക്ഷത്തായതോടെ ടൈബ്രേക്കര്‍ പോരാട്ടത്തിനൊടുവില്‍ വെര്‍ഡാസ്കോ സെറ്റ് സ്വന്തമാക്കി ഒപ്പമത്തെി (2-2).

മാരത്തണ്‍ കളി നാല് മണിക്കൂറും കടന്ന് നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക്. പക്ഷേ, ഇക്കുറി 2009 ഓസീസ് ഓപണ്‍ ചാമ്പ്യന്‍കൂടിയായ നദാല്‍ തീര്‍ത്തും നിസ്സഹായനായിരുന്നു. പിഴവുകളില്ലാതെ ഉഗ്രമായ സര്‍വുകളും ഫോര്‍ഹാന്‍ഡ് ഷോട്ടുകളുമായി വെര്‍ഡാസ്കോ കളിതുടര്‍ന്നപ്പോള്‍ നദാലിലെ പഴയ പോരാളി തീര്‍ത്തും അപ്രത്യക്ഷമായി. ആരാധകര്‍ക്ക് ആദ്യറൗണ്ടിലെ മിന്നുന്ന കളിവിരുന്നൊരുക്കി 45ാം റാങ്കുകാരനായ സ്പാനിഷ് താരം രണ്ടാം റൗണ്ടിലേക്ക്.
‘കടുത്ത മത്സരമായിരുന്നു. അതേസമയം, നന്നായി കളിച്ചുവെന്നാണ് വിശ്വാസം. ഈ ദിവസം എന്‍േറതായില്ല. പരിശീലനം ഇതേവഴി തുടരും. നിലവിലെ ഫോമിലും ഫിറ്റ്നസിലും ആശങ്കയില്ല. കഴിഞ്ഞ അഞ്ചു മാസം ആദ്യ അഞ്ചു റാങ്കിനുള്ളിലുണ്ട്’ -മത്സര ശേഷം നദാല്‍ പറഞ്ഞു.
 

വനിതാ സിംഗ്ള്‍സില്‍ സിമോണ്‍ ഹാലെപ്പിനെ അട്ടിമറിച്ച ചൈനയുടെ ഴാങ് ഷുയിയുടെ സന്തോഷക്കണ്ണീര്‍
 

ചൈനീസ് അട്ടിമറി
വനിതകളില്‍ രണ്ടാം സീഡായ റുമാനിയയുടെ സിമോണ ഹാലെപ്പിനെ അട്ടിമറിച്ച് ചൈനയുടെ ഴാങ് ഷുയി രണ്ടാം ദിനത്തിലെ സൂപ്പര്‍താരമായി. 133ാം റാങ്കു താരമായ ഴാങ് 6-4, 6-3 സ്കോറിനാണ് ഹാലെപ്പിനെ വീഴ്ത്തിയത്. നാളെ 27ാം പിറന്നാള്‍ ആഘോഷിക്കുന്ന ചൈനക്കാരിയുടെ ആദ്യ ഗ്രാന്‍ഡ് സ്ളാം ജയം കൂടിയായിരുന്നു ഇത്. അദ്ഭുത ജയത്തിനു പിന്നാലെ പൊട്ടിക്കരഞ്ഞായിരുന്നു ഴാങ് കോര്‍ട്ട് വിട്ടത്. എട്ടാം സീഡ് വീനസ് വില്ല്യംസിനെ ബ്രിട്ടന്‍െറ ജൊഹന്ന കൊന്‍റ അട്ടിമറിച്ചു (6-4, 6-2).

പുരുഷ വിഭാഗത്തില്‍ വിടവാങ്ങല്‍ ചാമ്പ്യന്‍ഷിപ്പിനിറങ്ങിയ ആതിഥേയ താരം ലെയ്റ്റന്‍ ഹ്യുവിറ്റ് രണ്ടാം റൗണ്ടില്‍ കടന്നു. ആസ്ട്രേലിയയുടെ തന്നെ ജെയിംസ് ഡക്വര്‍ത്തിനെയാണ് (7-6, 6-2, 6-4) ഹ്യുവിറ്റ് വീഴ്ത്തിയത്. പുരുഷ സിംഗ്ള്‍സില്‍ ആന്‍ഡി മറെ, സ്റ്റാന്‍ വാവ്റിങ്ക, ഡേവിഡ് ഫെറര്‍, വനിതാ സിംഗ്ള്‍സില്‍ വിക്ടോറിയ അസരങ്കെ, അന ഇവാനോവിച്, യെലിന യാന്‍കോവിച് എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.