മെല്‍ബണ്‍: റാഫേല്‍ നദാലിന്‍െറ ആദ്യ റൗണ്ട് പുറത്താവലില്‍ പകച്ചുപോയ ആസ്ട്രേലിയന്‍ ഓപണില്‍ അട്ടിമറിക്ക് വകനല്‍കാതെ വമ്പന്മാര്‍ മുന്നോട്ട്. നിലവിലെ ചാമ്പ്യന്മാരായ നൊവാക് ദ്യോകോവിച്, സെറീന വില്യംസ് എന്നിവര്‍ക്കൊപ്പം മരിയ ഷറപോവയും റോജര്‍ ഫെഡററും മൂന്നാം റൗണ്ടില്‍ കടന്നു.
അതേസമയം, ആറാം സീഡ് റഷ്യയുടെ പെട്ര ക്വിറ്റോവ രണ്ടാം റൗണ്ടില്‍ കീഴടങ്ങിയത് മൂന്നാം ദിനത്തിലെ ഏക അട്ടിമറിയായി. വനിതകളില്‍ രണ്ടാം സീഡ് സിമോണ ഹാലെപ്പും എട്ടാം സീഡ് വീനസ് വില്യംസും ഒന്നാം റൗണ്ടില്‍ മടങ്ങിയതിന്‍െറ ഞെട്ടല്‍ മാറുംമുമ്പാണ് രണ്ടു തവണ വിംബ്ള്‍ഡണ്‍ അണിഞ്ഞ ക്വിറ്റോവയുടെ മടക്കം. രണ്ടാം റൗണ്ടില്‍ ആസ്ട്രേലിയന്‍ താരം ഡാരിയ ഗവ്റിലോവ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു റഷ്യന്‍ താരത്തെ മടക്കിയയച്ചത്. സ്കോര്‍ 6-4, 6-4.
റഷ്യക്കാരിയായ ഡാരിയ ഡിസംബറില്‍ ഓസീസ് പൗരത്വം നേടിയാണ് അതിഥിതാരമായിറങ്ങിയത്. രണ്ടാം റൗണ്ടില്‍ എതിരാളിയായ ടോപ് സീഡ് താരത്തിന് തൊട്ടതെല്ലാം പിഴച്ചപ്പോള്‍ 89 മിനിറ്റ് പോരാട്ടത്തിനൊടുവില്‍ ഡാരിയ ഗ്രാന്‍ഡ്സ്ളാമിലെ ആദ്യ മൂന്നാം റൗണ്ട് പ്രവേശം നേടി.
2008ലെ ജേതാവും മൂന്നുതവണ റണ്ണറപ്പുമായ മരിയ ഷറപോവ ആസ്ട്രേലിയന്‍ ഓപണിലെ 50ാം ജയവുമായാണ് മൂന്നാം റൗണ്ടില്‍ ഇടംനേടിയത്. ബെലറൂസിന്‍െറ അലക്സാന്ദ്ര സാസ്നോവിചിനെ അനായാസം മറികടന്നായിരുന്നു ഷറപോവയുടെ മുന്നേറ്റം. സ്കോര്‍ 6-2, 6-1.
സെറീന വില്യംസ് തായ്പെയ്യുടെ സു വെയ് സിയെയും (6-1, 6-2) നാലാം സീഡ് അഗ്നിയേസ്ക റഡ്വാന്‍സ്ക കാനഡയുടെ യൂജീന്‍ ബൗണ്‍ചാഡിനെയും (6-4, 6-2) ഇറ്റലിയുടെ റോബര്‍ട്ട വിന്‍സി അമേരിക്കയുടെ ഐറിന ഫാല്‍കോണിയെയും (6-2, 6-3) തോല്‍പിച്ച് മൂന്നാം റൗണ്ടില്‍ കടന്നു. പുരുഷ സിംഗ്ള്‍സില്‍ ദ്യോകോവിച് ഫ്രാന്‍സിന്‍െറ സീഡില്ലാ താരം ക്വിന്‍റിന്‍ ഹാലിസിനെയും (6-1, 6-2, 7-6) ഫ്രാന്‍സിന്‍െറ ഗെയ്ലസ് സിമോണ്‍ റഷ്യയുടെ ഇവനി ഡോണ്‍സ്കോയെയും (6-3, 5-7, 7-6, 4-6, 7-5) വീഴ്ത്തി. 18ാം ഗ്രാന്‍ഡ്സ്ളാം ലക്ഷ്യമിടുന്ന റോജര്‍ ഫെഡറര്‍ വെല്ലുവിളിയേതുമില്ലാതെയാണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. യുക്രെയ്ന്‍െറ അലക്സാണ്ടര്‍ ഡൊഗൊപ്ലോവ് സ്വിസ് എക്സ്പ്രസിനു മുന്നില്‍ എതിരാളിപോലുമല്ലാതായി. സ്കോര്‍ 6-3, 7-5, 6-1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.