ആസ്ട്രേലിയന്‍ ഓപണ്‍: സാനിയാ സഖ്യം മുന്നോട്ട്

മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ വനിതാ ഡബ്ള്‍സിലും മിക്സഡ് ഡബ്ള്‍സിലും ഇന്ത്യയുടെ സാനിയ മിര്‍സയടങ്ങിയ സഖ്യം പ്രീക്വാര്‍ട്ടറില്‍. വനിതാ ഡബ്ള്‍സില്‍ ടോപ്സീഡുകളായ സാനിയ-മാര്‍ട്ടീന ഹിംഗിസ് സഖ്യം യുക്രെയ്നിന്‍െറ ല്യൂദ്മില കിചെനോക്ക്-നാദിയ കിചെനോക്ക് ജോടിയെ തോല്‍പിച്ചാണ് പ്രീക്വാര്‍ട്ടറിലത്തെിയത്. സ്കോര്‍: 6-2,6-3. മിക്സഡ് ഡബ്ള്‍സില്‍ ക്രൊയേഷ്യയുടെ ഇവാന്‍ ദോഡിഗിനൊപ്പം ആസ്ട്രേലിയയുടെ അജ്ല ടോംയാനോവിച്ച്-നാദിയ കിചെനോക് കൂട്ടുകെട്ടിനെയും തോല്‍പിച്ചു (7-5, 6-1).
സ്വറ്റ്ലാന കുത്സനറ്റ്സോവ (റഷ്യ)-റോബര്‍ട്ട വിഞ്ചി (ഇറ്റലി) സഖ്യമാണ് അടുത്ത റൗണ്ടില്‍ സാനിയ-ഹിംഗിസ് ജോടിയുടെ എതിരാളികള്‍.
പുരുഷ സിംഗ്ള്‍സില്‍ ഫ്രഞ്ച് ഓപണ്‍ ജേതാവായ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സ്റ്റാനിസ്ളാവ് വാവ്റിങ്ക പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചു. ചെക് റിപ്പബ്ളിക്കിന്‍െറ ലൂകാസ് റാസോളിനെ കീഴടക്കിയാണ് മുന്‍ ആസ്ട്രേലിയന്‍ ഓപണ്‍ ജേതാവുകൂടിയായ വാവ്റിങ്ക കുതിച്ചത്. സ്കോര്‍: 6-2, 6-3, 7-6. എ.ടി.പി ടൂര്‍തല മത്സരങ്ങളില്‍ ഈ സ്വിസ് താരത്തിന്‍െറ 400ാം ജയമാണിത്. അവസാന 16ല്‍ കാനഡയുടെ മിലോസ് റൗനിച്ചാണ് വാവ്റിങ്കയുടെ എതിരാളി. ഫ്രാന്‍സിന്‍െറ ഗെയ്ല്‍ മോണ്‍ഫില്‍സ്, അമേരിക്കയുടെ ജോണ്‍ ഇസ്നര്‍, രണ്ടാം സീഡും ബ്രിട്ടീഷ് താരവുമായ ആന്‍ഡി മറെ, ആസ്ട്രേലിയയുടെ ബെര്‍ണാഡ് ടോമിച്ച് എന്നിവരും പ്രീക്വാര്‍ട്ടറിലിടംനേടി.
വനിതകളില്‍ രണ്ടുവട്ടം ജേതാവായ ബെലറൂസിന്‍െറ വിക്ടോറിയ അസരാങ്ക, ചെക് റിപ്പബ്ളിക്കിന്‍െറ ബാര്‍ബറ സ്ട്രൈക്കോവ, അമേരിക്കയുടെ മാഡിസണ്‍ കെയ്സ്, റഷ്യയുടെ ഏകതറീന മകരോവ, ജര്‍മനിയുടെ ഏയ്ഞ്ചലിക് ഖര്‍ബര്‍ എന്നിവരും പ്രീക്വാര്‍ട്ടറില്‍ കടന്നു. മാഡിസണ്‍ കെയ്സും സെര്‍ബിയയുടെ അന ഇവാനോവിച്ചും മത്സരിക്കുന്നതിനിടെ അനയുടെ കോച്ച് നിജല്‍ സിയസ് കുഴഞ്ഞുവീണതുകാരണം കളി കുറച്ചുനേരം നിര്‍ത്തിവെച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോച്ച് സുഖംപ്രാപിച്ചുവരുന്നു. ബ്രിട്ടീഷ് താരം ആന്‍ഡി മറെയുടെ ഭാര്യാപിതാവുകൂടിയാണ് അന ഇവാനോവിച്ചിന്‍െറ പരിശീലകന്‍. ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രജ്ഞല യാദ്ലപ്പള്ളിയും കര്‍മാന്‍ താണ്ടിയും വിജയംനേടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.