ലണ്ടന്‍: ആന്‍...ഡീ... ആന്‍ഡീ... സെന്‍റര്‍ കോര്‍ട്ടില്‍ മുഴങ്ങിയ താളത്തിനിടയില്‍ ടൈബ്രേക്കറിലെ ചാമ്പ്യന്‍ഷിപ് പോയന്‍റിലേക്ക് ആന്‍ഡി മറെ തൊടുത്ത സര്‍വിന്, മിലോസ് റോണിചിന്‍െറ ബാക്ഹാന്‍ഡ് റിട്ടേണ്‍ നെറ്റില്‍ കുരുങ്ങി വീണ നിമിഷം. ടെന്നിസ് റാക്കറ്റ് വാനിലേക്കെറിഞ്ഞ് പൊട്ടിത്തെറിച്ച മറെ പിന്നെ കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു. സൈഡ്ബെഞ്ചിലിരുന്ന് ഏറെനേരം മുഖം അമര്‍ത്തിപ്പിടിച്ചിട്ടും കണ്ണീരടങ്ങിയില്ല. ട്രോഫി സമ്മാനിക്കാന്‍ വിളിച്ചപ്പോഴും കരച്ചില്‍ മാറുന്നില്ല.
അത്രയേറെ മധുരമുണ്ട് സെന്‍റര്‍ കോര്‍ട്ടില്‍ രണ്ടാം കിരീടനേട്ടത്തിന്. ഇംഗ്ളീഷുകാരന്‍െറ അഭിമാനമായ വിംബ്ള്‍ഡണ്‍ കോര്‍ട്ടില്‍ അന്യനാട്ടുകാര്‍ കിരീടമണിഞ്ഞ് മടങ്ങുമ്പോള്‍ കാഴ്ചക്കാരനായി മാറാനായിരുന്നു എപ്പോഴും ബ്രിട്ടീഷുകാരന്‍െറ വിധി. അതിനൊരു അറുതിവരുത്തിയത് 2013ല്‍ മറെയായിരുന്നു. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം കിരീടനേട്ടം വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ സാക്ഷ്യംവഹിക്കാന്‍ സെന്‍റര്‍ കോര്‍ട്ടും നിറഞ്ഞുകവിഞ്ഞിരുന്നു.
സെമിയില്‍ റോജര്‍ ഫെഡററെ അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവില്‍ മടക്കിയയച്ച കാനഡക്കാരന്‍ മിലോസ് റോണിച് ബ്രിട്ടീഷ് താരത്തിനു വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ, കരിയറിലെ മൂന്നാം ഗ്രാന്‍ഡ്സ്ളാം തേടിയിറങ്ങിയ മറെ റാക്കറ്റ് കൈയിലേന്തിയപ്പോള്‍ കളം നിറഞ്ഞു. നാട്ടുകാരുടെ നിറഞ്ഞ പിന്തുണകള്‍ക്കിടയില്‍ നേരിട്ടുള്ള മൂന്നു സെറ്റിന് മത്സരം കൈപ്പിടിയിലൊതുക്കിയാണ് കിരീടം പിടിച്ചത്. സ്കോര്‍: 6-4, 7-6, 7-6. കളിയുടെ ആദ്യ സെറ്റില്‍ ആതിഥേയ താരത്തിന് കാര്യങ്ങള്‍ ഏറെ എളുപ്പമായിരുന്നു. എന്നാല്‍, രണ്ടും മൂന്നും സെറ്റുകള്‍ ഒപ്പത്തിനൊപ്പമായി. അവസാനിച്ചത് ടൈബ്രേക്കറിലും. ശക്തമായ സര്‍വും കനപ്പെട്ട ബാക്ഹാന്‍ഡ് ഷോട്ടുകളുമായി റോണിച് മറെയെ കോര്‍ട്ടിന്‍െറ നാലുദിക്കിലും പായിച്ചു. എങ്ങനെയും ഒരു സെറ്റ് പിടിച്ച് കളിയില്‍ തിരിച്ചത്തൊന്‍ ശ്രമിച്ച റോണിചിനെ അതേ നാണയത്തില്‍ എയ്സും റിട്ടേണും പായിച്ചാണ് മറെ പിടിച്ചുകെട്ടിയത്. രണ്ടാം സെറ്റ് ടൈബ്രേക്കറില്‍ 7-3നും മൂന്നാം സെറ്റ് ടൈബ്രേക്കറില്‍ 7-2നുമായിരുന്നു മറെയുടെ ജയം. നേരത്തേ വനിതാ സിംഗ്ള്‍സ് കിരീടമണിഞ്ഞ സെറീന വില്യംസ്, സഹോദരി വീനസിനൊപ്പം ഡബ്ള്‍സും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.