ഗ്രാന്‍ഡ്സ്ളാം വിജയങ്ങളില്‍ സെറീന വില്ല്യംസിന് റെക്കോഡ്

ന്യൂയോര്‍ക്ക്: ലോക ടെന്നിസില്‍ ഓപണ്‍ യുഗത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ളാം മത്സരങ്ങള്‍ ജയിച്ചതിന്‍െറ റെക്കോഡ് സെറീന വില്യംസിന് സ്വന്തം. യു.എസ് ഓപണ്‍ വനിതാ സിംഗ്ള്‍സ് പ്രീക്വാര്‍ട്ടറില്‍ കസാഖ്സ്താന്‍െറ യാരോസ്ളാവ ഷെദോവയെ തോല്‍പിച്ചതോടെ ഗ്രാന്‍ഡ്സ്ളാമില്‍ 308ാം വിജയമായി. 307 വിജയമെന്ന റോജര്‍ ഫെഡററുടെ നേട്ടമാണ് അമേരിക്കന്‍ താരമായ സെറീന മറികടന്നത്. 6-2, 6-3 എന്ന സ്കോറിനായിരുന്നു ജയം.

35കാരിയായ സെറീന 18 വര്‍ഷത്തിലേറെയായി ഗ്രാന്‍ഡ്സ്ളാം ടൂര്‍ണമെന്‍റുകളില്‍ നിത്യസാന്നിധ്യമാണ്. 1998 ജനുവരി 19നായിരുന്നു അന്നത്തെ 16കാരിയായ സെറീനയുടെ ആദ്യ ഗ്രാന്‍റ്സ്ളാം ജയം. ആസ്ട്രേലിയന്‍ ഓപണില്‍ ഇറിന സ്പിറിലിയക്കെതിരെയായിരുന്നു ജയിച്ച് തുടങ്ങിയത്. രണ്ടാം റൗണ്ടില്‍, ചേച്ചിയായ വീനസ് വില്യംസിനോട് തോല്‍ക്കാനായിരുന്നു വിധി. സെറീനയുടെ അക്കാലത്തെ എതിരാളികളായിരുന്ന ജസ്റ്റിന്‍ ഹെനിന്‍, കിം കൈ്ളസ്റ്റേഴ്സ്, മാര്‍ട്ടിന ഹിംഗിസ് എന്നിവര്‍ സിംഗ്ള്‍സില്‍ കളിനിര്‍ത്തിക്കഴിഞ്ഞു. ഹിംഗിസ് ഡബ്ള്‍സിലാണ്  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
308 ഗ്രാന്‍ഡ്സ്ളാം വിജയമെന്നത് വലിയ കാര്യമാണെന്ന് സെറീന പറഞ്ഞു. ‘വര്‍ഷങ്ങളായി കളിച്ചുകൊണ്ടിരിക്കുന്ന താന്‍ സ്ഥിരത നിലനിര്‍ത്തുന്നതില്‍ ഏറെ അഭിമാനിക്കുന്നു. ഇത്രയും നാള്‍ കളി തുടരാനാവുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. എപ്പോള്‍ കളിയവസാനിപ്പിക്കുമെന്നും എനിക്കറിയില്ല. ഞാന്‍ കളി ആസ്വദിക്കുകയാണ്’-സെറീന പറഞ്ഞു.

ഫെഡററും താനും ഇനിയും മുന്നോട്ടുപോകുമെന്നും ആരാണ് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ളാം വിജയങ്ങള്‍ നേടുകയെന്ന് ഇപ്പോള്‍ പറയാനാവില്ളെന്നും സെറീന അഭിപ്രായപ്പെട്ടു. യു.എസ് ഓപണ്‍ 88, വിംബ്ള്‍ഡണ്‍ 86, ആസ്ട്രേലിയന്‍ ഓപണ്‍ 74, ഫ്രഞ്ച് ഓപണ്‍ 60 എന്നിങ്ങനെയാണ് ഈ താരത്തിന്‍െറ ഗ്രാന്‍ഡ്സ്ളാം വിജയങ്ങള്‍. വലതു കാല്‍മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഫെഡറര്‍ യു.എസ് ഓപണില്‍ മത്സരിക്കുന്നില്ല.

യു.എസ് ഓപണില്‍ കിരീടം ചൂടിയാല്‍ ഓപണ്‍ യുഗത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ളാം സിംഗ്ള്‍സ് കിരീടമെന്ന റെക്കോഡ് സെറീനക്ക് സ്വന്തമാകും. നിലവില്‍ 22 കിരീടനേട്ടവുമായി ജര്‍മന്‍ ഇതിഹാസം സ്റ്റെഫി ഗ്രാഫിനൊപ്പമാണ് സെറീന. കഴിഞ്ഞ വര്‍ഷം സെറീന സെമിയില്‍ തോല്‍ക്കുകയായിരുന്നു. യു.എസ് ഓപണില്‍ ഏഴാം കിരീടം ലക്ഷ്യമിടുന്ന സെറീനക്ക് ക്വാര്‍ട്ടറില്‍ റുമേനിയയുടെ സിമോണ ഹാലപ്പാണ് എതിരാളി. സ്പെയിനിന്‍െറ കാര്‍ല സുവാറസ് നവാറോയെ തോല്‍പിച്ചാണ് ഹാലപ് അവസാന എട്ടിലത്തെിയത്.
സ്കോര്‍: 6-2, 7-5. മറ്റൊരു പ്രീക്വാര്‍ട്ടറില്‍ പോളണ്ടിന്‍െറ ആഗ്നിസ്ക റഡ്വാന്‍സക ക്രൊയേഷ്യയുടെ അന കൊന്‍യുഹിനെ മറികടന്നു. സ്കോര്‍: 6-4, 6-4. സെറീനയുടെ ചേച്ചി വീനസ് വില്യംസിന് പ്രീക്വാര്‍ട്ടറില്‍ അടിപതറി. ചെക്ക് റിപ്പബ്ളിക്കിന്‍െറ കരോലിന പ്ളിസ്കോവയാണ് വീനസിന്‍െറ വെല്ലുവിളി അവസാനിപ്പിച്ചത് (4-6, 6-4, 7-6).

മറെ, സാനിയ സഖ്യം ക്വാര്‍ട്ടറില്‍

യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സില്‍ രണ്ടാം സീഡും ബ്രിട്ടീഷ് താരവുമായ ആന്‍ഡി മറെ ക്വാര്‍ട്ടറില്‍. ബള്‍ഗേറിയയുടെ ഗ്രിഗോള്‍ ദിമിത്രോവിനെ തോല്‍പിച്ചാണ് ഒളിമ്പിക് ജേതാവ് കൂടിയായ മറെയുടെ മുന്നേറ്റം (6-1, 6-2, 6-2). ആറാം സീഡായ ജപ്പാന്‍െറ കെയ് നിഷികോരിയാണ് ക്വാര്‍ട്ടറില്‍ മറെയുടെ എതിരാളി. ക്രൊയേഷ്യയുടെ ഇവോ കാര്‍ലോവിച്ചിനെയാണ് ജാപ്പനീസ് താരം കീഴടക്കിയത്. സ്കോര്‍: 6-3, 6-4, 7-6. മറ്റൊരു ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മൂന്നാം സീഡ് സ്റ്റാനിസ്ളാസ് വാവ്റിങ്ക അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ നേരിടും. വാവ്റിങ്ക യുക്രെയ്നിന്‍െറ ഇല്യാ മര്‍ച്ചങ്കോയെ ( 6-4, 6-1, 7-6) വീഴ്ത്തി.  6-3, 3-2 എന്ന സ്കോറിന് മുന്നിട്ട് നില്‍ക്കുമ്പോള്‍, എതിരാളിയായ ഓസ്ട്രിയയുടെ ഡൊമനിക് തീം കാല്‍മുട്ടിലെ പരിക്ക് കാരണം പിന്മാറിയതിനാല്‍ ഡെല്‍ പോട്രോക്ക് എളുപ്പം ക്വാര്‍ട്ടറിലത്തൊനായി.
വനിതാ ഡബ്ള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- ചെക്ക് റിപ്പബ്ളിക്കിന്‍െറ ബാര്‍ബറ സ്ട്രൈക്കോവ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിലത്തെി. നികോള്‍ ഗിബ്സ് (അമേരിക്ക)- നാവോ ഹിബിനോ (ജപ്പാന്‍) ജോടിയെയാണ് ഇന്തോ-ചെക്ക് സഖ്യം തോല്‍പിച്ചത് (6-4, 7-5). ഫ്രാന്‍സിന്‍െറ  കരോലിന്‍ ഗാര്‍സിയ- ക്രിസ്റ്റിന മ്ളാഡെനോവിച്ച് സഖ്യമാണ് ക്വാര്‍ട്ടറിലെ എതിരാളികള്‍.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.