ആസ്ട്രേലിയന്‍ ഓപണ്‍: ഫെഡറര്‍-വാവ്റിങ്ക സെമി

മെല്‍ബണ്‍: 18ാം ഗ്രാന്‍ഡ്സ്ളാം എന്ന സ്വപ്നനേട്ടത്തിലേക്ക് റോജര്‍ ഫെഡറര്‍ രണ്ട് ജയം മാത്രമകലെ. ആസ്ട്രേലിയന്‍ ഓപണ്‍ പുരുഷ സിംഗിള്‍സിലെ തകര്‍പ്പന്‍ ജയവുമായി റോജര്‍ ഫെഡറര്‍ സെമിയില്‍ കടന്നു. നാട്ടുകാരന്‍ കൂടിയായ സ്റ്റാന്‍ വാവ്റിങ്കയാണ് സെമി പോരാട്ടത്തില്‍ ഫെഡ് എക്സ്പ്രസിന്‍െറ എതിരാളി. ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോങ്കയെ വീഴ്ത്തിയാണ് നാലാം സീഡായ വാവ്റിങ്ക സെമിയില്‍ കടന്നത്.
വനിത ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രദ്ധേയമായ അട്ടിമറിയില്‍ സ്പെയിനിന്‍െറ ഏഴാം സീഡ് ഗര്‍ബിന്‍ മുഗുരുസ പുറത്തായി. അമേരിക്കയുടെ സീഡില്ലാ താരമായ കൊകൊ വാന്‍ഡെവെഗാണ് മുഗുരുസയെ അട്ടിമറിച്ചത്. സെമിയില്‍ നാട്ടുകാരികൂടിയായ സൂപ്പര്‍താരം വീനസ് വില്യംസാണ് എതിരാളി. റഷ്യയുടെ അനസ്തസ്യ പവ്ല്യൂചെങ്കോയെയാണ് വീനസ് വീഴ്ത്തിയത്. ഒന്നാം നമ്പര്‍ താരം ആന്‍ഡി മറെയെ അട്ടിമറിച്ച ജര്‍മനിയുടെ മിഷ സ്വെരവിനെ മൂന്നുസെറ്റ് ത്രില്ലറില്‍ പിടിച്ചുകെട്ടിയായിരുന്നു ഫെഡററുടെ വിജയ ക്കുതിപ്പ്. സ്കോര്‍ 6-1, 7-5, 6-2. ആദ്യ സെറ്റില്‍ അനായാസം ജയിച്ചെങ്കിലും രണ്ടാം സെറ്റില്‍ ഫെഡററെ വിറപ്പിച്ച സ്വെരവയുടെ ആയുസ്സ് അധികം നീണ്ടില്ല. 35കാരനായ ഫെഡററുടെ കരിയറിലെ 13ാം ആസ്ട്രേലിയന്‍ ഓപണ്‍ സെമി കൂടിയാണിത്. ‘‘ഞാന്‍ സന്തോഷവാനാണ്. ടൂര്‍ണമെന്‍റില്‍ ഇതുവരെ എത്തുമെന്നോ, ഇത്രനന്നായി കളിക്കുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ്’’ -ഫെഡറര്‍ പറഞ്ഞു. മറെയെ വീഴ്ത്തിയ സ്വെരവിന്‍െറ കളി അറിഞ്ഞുതന്നെയായിരുന്നു ഫെഡററുടെ ഗെയിം പ്ളാന്‍.
വാവ്റിങ്ക 7-6, 6-4, 6-3 സ്കോറിനാണ് സോങ്കയെ വീഴ്ത്തിയത്. ഫെഡററും വാവ്റിങ്കയും 21 തവണ ഏറ്റുമുട്ടിയപ്പോള്‍ 18ലും ജയം ഫെഡറര്‍ക്കായിരുന്നു.
വനിതകളില്‍ ഫ്രഞ്ച് ഓപണ്‍ ജേതാവായ മുഗുരുസയെ 6-4, 6-0 സ്കോറിനാണ് വാന്‍ഡെവഗയെ തോല്‍പിച്ചത്. വീനസ് 6-4, 7-6 സ്കോറിന് പവ്ല്യൂചെങ്കോയെയും വീഴ്ത്തി.
Tags:    
News Summary - australian open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.