മെൽബൺ: കരിയറിലെ 20ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന അമൂല്യ നേട്ടത്തിലേക്ക് മുന്നേറുന്ന സ്വിസ് ഇതിഹാസം റോജർ ഫെഡറർ ആസ്ട്രേലിയൻ ഒാപ്പൺ ഫൈനലിൽ. ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം ചുങ് യോണിനെ സെമിയിൽ വീഴ്ത്തിയാണ് ഫെഡറർ കലാശപ്പോരിനെത്തിയത്. സ്കോർ 6-1, 5-2 ലെത്തി നിൽക്കവേ ചുങ് യോൺ പരിക്കേറ്റ് പിന്മാറുകയായിരുന്നു. ക്രൊയേഷ്യൻ താരം മരിൻ സിലിച്ചാണ് കലാശപ്പോരിൽ ഫെഡററുടെ എതിരാളി.
ചെക്ക് റിപ്പബ്ലിക് താരം തോമസ് ബെർഡിചിനെ നേരിട്ടുള്ള െസറ്റുകൾക്കു കീഴടക്കിയാണ് നിലവിലെ ചാമ്പ്യനായ ഫെഡറർ സെമിയിലെത്തിയത്. പ്രീക്വാർട്ടറിൽ നൊവാക് ദ്യോകോവിചിനെ അട്ടിമറിച്ച ചുങ്, ക്വാർട്ടർ ഫൈനലിൽ അമേരിക്കയുടെ ടെന്നിസ് സാൻഡ്ഗ്രെനെ തോൽപിച്ചാണ് സെമിയിലെത്തിയത്. 58ാം റാങ്കുകാരനായ ചുങ് യോൺ സീഡില്ലാതെയാണ് ആസ്ട്രേലിയൻ ഒാപൺ പോരാട്ടത്തിനിറങ്ങിയത്. മെൽബണിലെത്തും മുമ്പത്തെ ഗ്രാൻഡ്സ്ലാം മികവ് മൂന്നാം റൗണ്ട് മാത്രം. എന്നാൽ, കട്ടിക്കണ്ണടയും 21െൻറ ചുറുചുറുക്കുമായി കുതിച്ച കൊറിയക്കാരൻ ആരാധകരുെട മനംകവർന്നു.
ബ്രിട്ടെൻറ കിലെ എഡ്മുണ്ടിനെ അനായാസം മറികടന്നാണ് ക്രൊയേഷ്യൻ താരമായ സിലിച്ച് ഫൈനലിലെത്തിയത്. വനിതകളിൽ ഹാലെപ്-വോസ്നിയാക്കി കലാശപ്പോരാട്ടമാണ് നടക്കാനുള്ളത്. ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ് മുൻ ചാമ്പ്യൻ എയ്ഞ്ചലിക് കെർബറെ തോൽപിച്ച് ഫൈനലിൽ കടന്നപ്പോൾ, എലിസ് മെർട്ടിനസിനെ തോൽപിച്ച് സ്വിറ്റ്സർലൻഡ് താരം വോസ്നിയാക്കിയും കൊട്ടിക്കലാശത്തിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.