‘ഫൈനലിൽ സെറീനെക്കതിരെ കളിക്കുകമാത്രമായിരുന്നു എെൻറ ചിന്ത. അതെെൻറ സ്വപ്നമായിരുന്നു. കുഞ്ഞുനാൾ മുതൽ ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കുന്നതും സെറീനയെ എതിരിടുന്നതും സ്വപ്നംകണ്ടു. അത് യാഥാർത്ഥ്യമായ നിമിഷമാണിത്. ഇനി സെറീന എെൻറ എതിരാളിയാണ്. ഇന്ന് മറ്റൊരു മത്സരത്തിനാണ് ഇറങ്ങുന്നത്’
നവോമി ഒസാക
ന്യൂയോർക്: 24 ഗ്രാൻഡ്സ്ലാമുകളിൽ മുത്തമിട്ട ആസ്ട്രേലിയക്കാരിയായ മാർഗരറ്റ് കോർട്ടിനും 23 ഗ്രാൻഡ്സ്ലാമുകളുടെ തിളക്കമുള്ള സെറീന വില്യംസിനുമിടയിലെ അകലം ഒരു ജയംമാത്രം. ഇന്നത്തെ യു.എസ് ഒാപൺ വനിതാ സിംഗ്ൾസ് ഫൈനലിൽ ജപ്പാെൻറ നവോമി ഒസാകയെ വീഴ്ത്തിയാൽ ആധുനിക ടെന്നിസിൽ സെറീന തുല്യതയില്ലാത്ത ഇതിഹാസമായി മാറും.
കഴിഞ്ഞ രാത്രിയിൽ നടന്ന സെമിയിൽ ലാത്വിയയുടെ അനസ്താസിയ സെവസ്റ്റോവയെ അനായാസം കീഴടക്കിയാണ് ആറുതവണ ജേത്രിയായ സെറീന യു.എസ് ഒാപണിെൻറ ഫൈനലിൽ പ്രവേശിച്ചത്. 19ാം സീഡായ സെവസ്റ്റോവയെ 6-3, 6-0 എന്ന സ്കോറിന് കീഴടക്കിയ സെറീന വെറും 66 മിനിറ്റുകൾക്ക് മത്സരം അവസാനിപ്പിച്ചു. ഗ്രാൻഡ്സ്ലാം ഫൈനൽ പ്രവേശനം നേടുന്ന ആദ്യ ജപ്പാൻകാരിയായി ചരിത്രംരചിച്ച നവോമി ഒസാകയാണ് ഫൈനലിൽ െസറീനയുടെ എതിരാളി. നിലവിലെ റണ്ണർ അപ്പും 14ാം സീഡുമായ യു.എസിെൻറ മാഡിസൺ കീസിനെ നേരിട്ടുള്ള സെറ്റുകളിൽ അട്ടിമറിച്ചാണ് ജപ്പാെൻറ 21കാരി ഫൈനലിലെത്തിയത്. സ്‌കോർ : 6-2,6-4. സെറീനയുമായി കളിക്കുകയെന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയാണ് താൻ 13 ബ്രേക്ക് പോയൻറുകൾ അതിജീവിച്ചതെന്ന് ഒസാക്ക പറഞ്ഞു.
കഴിഞ്ഞവർഷം മകൾ ഒളിമ്പിയക്ക് ജന്മം നൽകാനായി കളത്തിൽനിന്ന് വിട്ടുനിന്ന സെറീന തെൻറ കഴിവിനും ശക്തിക്കും ഒട്ടും കുറവുവന്നില്ലെന്ന് തെളിയിക്കുന്ന പ്രകടനത്തോടെയാണ് ഒമ്പതാം യു.എസ് ഒാപൺ ഫൈനൽ പ്രവേശനം സ്വന്തമാക്കിയത്. അമ്മയായി ഏതാനും മാസത്തെ വിശ്രമത്തിനുശേഷം മടങ്ങിയെത്തിയ സെറീന വിംബ്ൾഡണിെൻറ പുൽകോർട്ടിൽ ഫൈനലിലെത്തിയെങ്കിലും കിരീടപ്പോരാട്ടത്തിൽ കാലിടറി. മുമ്പ് റാക്കറ്റേന്തിയ 2015ലെയും 2016ലെയും യു.എസ് ഒാപൺ സെമികളിൽ സെറീന പരാജയെപ്പടുകയായിരുന്നു. രാത്രി 1.30നാണ് സെറീന x ഒസാക ഫൈനൽ.
സെറീന വില്യംസ്
ഗ്രാൻഡ്സ്ലാം കിരീടങ്ങൾ 23
ആസ്ട്രേലിയൻ ഒാപൺ: 7 (2003, 2005, 2007, 2009, 2010, 2015, 2017)
ഫ്രഞ്ച് ഒാപൺ: 3 (2002, 2013, 2015)
വിംബ്ൾഡൺ: 7 (2002, 2003, 2009, 2010, 2012, 2015, 2016)
യു.എസ് ഒാപൺ 6 (1999, 2002, 2008, 2012, 2013, 2014)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.