പാരിസ്: കളിമൺ കോർട്ടിൽ ഒരിക്കൽക്കൂടി സ്റ്റാനിസ്ലാസ് വാവ്റിങ്കയുടെ അപരാജിത കുതിപ്പ്. രണ്ടു വർഷം മുമ്പ് കിരീടമണിഞ്ഞ റൊളാങ്ഗരോയിലെ മൺകോർട്ടിൽ രണ്ടാം കിരീടം ഒരു ജയമകലെ. ഫ്രഞ്ച് ഒാപൺ പുരുഷ സിംഗ്ൾസ് സെമിയിൽ ലോക ഒന്നാം നമ്പറായ ആൻഡി മറെയെ വീഴ്ത്തിയാണ് 2015ലെ ജേതാവായ വാവ്റിങ്ക കലാശപ്പോരാട്ടത്തിന് ഇടംനേടിയത്. നാലര മണിക്കൂർ നീണ്ട അഞ്ചു സെറ്റ് മാരത്തൺ പോരിനൊടുവിലായിരുന്നു സ്വിസ് എക്സ്പ്രസിെൻറ ഉജ്ജ്വല വിജയം. സ്കോർ: 6-7, 6-3, 5-7, 7-6, 6-1.
ഇതോടെ, ഫ്രഞ്ച് ഒാപണിലെ കന്നിക്കിരീടമെന്ന മറെയുടെ മോഹം വീണ്ടുമൊരിക്കൽ തരിപ്പണമായി. കഴിഞ്ഞ വർഷം സെമിയിൽ വാവ്റിങ്കയെ വീഴ്ത്തി ഫൈനലിൽ കളിച്ച മറെ ദ്യോകോവിച്ചിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. റാഫേൽ നദാൽ-ഡൊമനിക് തീം രണ്ടാം സെമിയിലെ വിജയിയാവും ഫൈനലിൽ വാവ്റിങ്കയുടെ എതിരാളി. രണ്ടു കരുത്തർ മുഖാമുഖമെത്തിയപ്പോൾ പവർടെന്നിസിലൂടെയായിരുന്നു പോരാട്ടം.
ആദ്യ സെറ്റിൽ തുടക്കത്തിലെ പതർച്ച മാറ്റി തിരിച്ചെത്തിയ വാവ്റിങ്ക ടൈബ്രേക്കറിൽ കീഴടങ്ങി. എന്നാൽ, രണ്ടാം സെറ്റിൽ കളി മാറി. ഫോർഹാൻഡ് ഷോട്ടും ബ്രേക് പോയൻറും നേട്ടമാക്കിമാറ്റിയ സ്വിറ്റ്സർലൻഡുകാരൻ തിരിച്ചെത്തിയതോടെ രണ്ടാം സെറ്റ് വാവ്റിങ്കക്കായി. മൂന്നാം സെറ്റ് മറെ ടൈബ്രേക്കറിൽ പിടിച്ച് പ്രതീക്ഷ നിലനിർത്തി. നാലാം സെറ്റിലും മറെക്കായിരുന്നു മുൻതൂക്കം. 5-3ന് ലീഡ് ചെയ്ത ബ്രിട്ടീഷുകാരൻ അവസാന ഗെയിമുകളിലെ വീഴ്ചകളിലൂടെ കളഞ്ഞു കുളിച്ചു. ഫലം ടൈബ്രേക്കറിലൂടെ വാവ്റിങ്കക്ക് ജയം. ഇതോടെ ഇരുവരും 2-2 എന്നനിലയിൽ ഒപ്പത്തിനൊപ്പമായി. ഫൈനൽ സെറ്റിൽ മറെ പിഴവുകൾ ആവർത്തിച്ചു.
എന്നാൽ, കരുത്തു ചോരാതെ തന്നെ പോരാടിയ വാവ്റിങ്ക 5-0 എന്നനിലയിൽ ലീഡ് ചെയ്തു. ഒടുവിൽ ഒരു പോയൻറ് നൽകി 6-1ന് സെറ്റ് പിടിച്ച് ഫൈനലിലേക്ക്്. 87 വിന്നേഴ്സ് ഷോട്ടിൽ 45ഉം ഫോർഹാൻഡ് പായിച്ചായിരുന്നു വാവ്റിങ്ക മറെയുടെ പ്രതിരോധം പൊളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.