ലണ്ടൻ: റോജർ ഫെഡറർക്ക് 36ാം പിറന്നാൾ ആഘോഷത്തിന് ഇനി മൂന്നാഴ്ച മാത്രം ബാക്കി. സൂപ്പർതാരങ്ങൾ കളിയവസാനിപ്പിച്ച് വിശ്രമിക്കാൻ തിടുക്കം കൂട്ടുന്ന പ്രായത്തിൽ റോജർ ഫെഡററുടെ കണ്ണും മനസ്സും മുന്നോട്ടാണ്. ‘‘ഞാൻ ഒരുക്കമാണ്. ആരോഗ്യംകൂടി അനുകൂലമായാൽ 40ലും ഗ്രാൻഡ്സ്ലാം കോർട്ടിൽ കാണാം’’ -കരിയറിലെ 19ാം ഗ്രാൻഡ്സ്ലാം കിരീടനേട്ടത്തിനു പിന്നാലെ റോജർ ഫെഡറർ ആരാധകർക്ക് വാക്കുനൽകുന്നു.
ഫെഡററുടെ വാക്കുകൾ വെറുതെയാവില്ലെന്ന് ടെന്നിസ് ലോകം കണ്ടതാണ്. 2012 വിംബ്ൾഡൺ അണിഞ്ഞശേഷം തുടർച്ചയായി രണ്ട് ഫൈനലുകളിൽ നൊവാക് ദ്യോകോവിച്ചിന് മുന്നിൽ കീഴടങ്ങിയപ്പോഴും, ആറു മാസം പരിക്ക് കോർട്ടിന് പുറത്താക്കിയപ്പോഴും ഒരു കിരീടംപോലുമില്ലാത്ത നാല് സീസൺ കടന്നുപോയപ്പോഴും ഫെഡററുടെ കാലം കഴിഞ്ഞുവെന്ന് ലോകം ആവർത്തിച്ചതാണ്. പക്ഷേ, ഫെഡറർ മാത്രം അതു വിശ്വസിച്ചില്ല. കഴിഞ്ഞ ആസ്ട്രേലിയൻ ഒാപണിലൂടെ തിരിച്ചെത്തി 18ാം ഗ്രാൻഡ്സ്ലാം കളിച്ച ഫെഡറർ വിംബ്ൾഡണിനുശേഷം 40ാം വയസ്സിലും കോർട്ടിലുണ്ടാവുമെന്ന് പറഞ്ഞാൽ അത് ആത്മവിശ്വാസത്തിെൻറ വാക്കുകളാണ്. 17 വർഷത്തിനിടെ ഏറ്റവും മോശം റാങ്കിങ്ങിൽ സീസൺ തുടങ്ങിയ ഫെഡറർ വർഷത്തെ ഏറ്റവും മികച്ച ചാമ്പ്യനായാണ് ഇക്കുറി റാങ്കിങ്ങിൽ മുന്നേറിയത്. സീസണിലെ പ്രകടനം 31 ജയവും രണ്ടു തോൽവിയും.
‘‘ഇൗ വർഷത്തെ നേട്ടങ്ങൾ എന്നെയും അത്ഭുതപ്പെടുത്തി. ദുർഘട സമയങ്ങൾ മറികടന്നതും ഒാരോ ദിവസത്തെയും കളിയും അവിശ്വസനീയമായിരുന്നു. ഇനിയും മികച്ച വിജയങ്ങൾ നേടാനാവുമെന്ന് ഉറപ്പുണ്ട്. ഇൗ വർഷം രണ്ട് ഗ്രാൻഡ്സ്ലാം കിരീടം നേടുമെന്ന് ഞാൻ നേരേത്ത പറഞ്ഞിരുന്നെങ്കിൽ നിങ്ങൾ ചിരിക്കുമായിരുന്നു. നിങ്ങൾക്ക് മാത്രമല്ല, എനിക്കും അവിശ്വസനീയമായിരുന്നു ഇത്’’ -ചരിത്രവിജയശേഷം ഫെഡറർ പറയുന്നു.
സെൻറർ കോർട്ടിലെ വിക്ടറി സ്പീച്ചിലും പ്രതീക്ഷയോടെയായിരുന്നു ഫെഡററുടെ വാക്കുകൾ. ‘‘ഇനിയും ഇവിടെയെത്തുമെന്നാണ് എെൻറ പ്രതീക്ഷ. സെൻറർ കോർട്ടിൽ ഇതെെൻറ അവസാന മത്സരമാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല’’ -നിറഞ്ഞ കൈയടികളോടെ ചാമ്പ്യെൻറ വാക്കുകൾ ആരാധകർ ഏറ്റെടുത്തു. ഭാവിയെക്കുറിച്ച് ഉറപ്പില്ലെങ്കിലും അടുത്തവർഷവും കിരീടം നിലനിർത്താനാവും ശ്രമം -വാർത്തസമ്മേളനത്തിൽ ഫെഡറർ പറഞ്ഞു. ‘‘നൂറ് ശതമാനം ഫിറ്റ്നസും കളിക്കാനുള്ള സന്നദ്ധതയും പരിശീലനവുമുണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ല. ഇതുതന്നെയാണ് ഞങ്ങളുടെ ടീമും പറയുന്നത്’’ -വിജയരഹസ്യം ഫെഡ് എക്സ്പ്രസ് വെളിപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.