ലണ്ടൻ: 25ാം ഗ്രാൻഡ് സ്ലാമെന്ന ചരിത്രപ്പിറവിയും 12 മാസം മുമ്പ് ഇതേ കോർട്ടിലെ തോൽവിക്ക് മധുരപ്രതികാരവും സ്വപ്നം കണ്ടിറങ്ങിയ സെർബിയൻ ഇതിഹാസത്തെ നേരിട്ടുള്ള സെറ്റുകളിൽ തീർത്ത് വിംബിൾഡണിൽ കിരീടത്തുടർച്ചയുമായി കാർലോസ് അൽകാരസ്. പഴയ കരുത്തിന്റെ നിഴലായി മാറിയ 37കാരനെ സെർവും കരുത്തും ബഹുദൂരം മുന്നിൽനിന്ന് ഇരട്ടി എഞ്ചിനായി കോർട്ടു നിറഞ്ഞാണ് സ്പാനിഷ് താരം നേരിട്ടുള്ള സെറ്റുകളിൽ ജേതാവായത്. സ്കോർ 6-2, 6-2, 7-6 (4). ആഴ്ചകളുടെ വ്യത്യാസത്തിൽ ഫ്രഞ്ച് ഓപണിലും തൊട്ടുപിറകെ വിംബിൾഡണിലും കിരീടം നേടുകയെന്ന വലിയ നേട്ടം കുറിച്ച 21 കാരൻ കരിയറിൽ നാലാം ഗ്രാൻഡ് സ്ലാം കിരീടമാണ് നേടുന്നത്. കഴിഞ്ഞ വിംബിൾഡൺ ഫൈനലിന്റെ തനിയാവർത്തനം പ്രതീക്ഷിച്ചവർക്ക് പക്ഷേ, ഇത്തവണ അഞ്ചു സെറ്റ് ത്രില്ലറിന് പകരം മൂന്ന് സെറ്റിൽ എല്ലാം അവസാനിച്ചു.
റോജർ ഫെഡററുടെ പേരിലെ എട്ട് വിംബിൾഡൺ നേട്ടങ്ങൾക്കൊപ്പമെത്തുകയെന്ന ലക്ഷ്യം കൂടി മുന്നിൽ നിർത്തിയായിരുന്നു ദ്യോകോ ഇറങ്ങിയത്. എന്നാൽ, താരത്തിന്റെ പരിക്കും പ്രായവും ശരിക്കും അടയാളപ്പെട്ടതായി ആദ്യ രണ്ടു സെറ്റുകൾ.
കാൽമുട്ടിലെ വേദനയുടെ പ്രയാസങ്ങൾ ആദ്യ മത്സരങ്ങളിൽ വില്ലനായുണ്ടായിരുന്ന ദ്യോകോ ക്വാർട്ടറിലും സെമിയിലും ക്ലാസ് പ്രകടനവുമായി തിരിച്ചുവന്നിരുന്നെങ്കിലും കളി അൽകാരസിനെതിരെയായപ്പോൾ നിഴൽ മാത്രമായി. അത് അവസരമാക്കിയായിരുന്നു യുവതാരത്തിന്റെ മാസ്മരിക പ്രകടനം. ഒരിക്കൽ പോലും എതിരാളിയെ വാഴാൻ വിടാതെ ഉടനീളം ആധിപത്യം കാട്ടിയതോടെ പോയിന്റ് അനായാസം കൈയിലെത്തി. രണ്ടു സെറ്റുകളും 6-2ന് അവസാനിച്ചു.
അവസാന സെറ്റിലെത്തിയപ്പോൾ പക്ഷേ, തുല്യത പാലിച്ചായി ഇരുവരുടെയും പ്രകടനം. സെർവ് കൈവിടാതെ കളി നയിച്ച് 4-4ന് ഒപ്പമെത്തിയ ശേഷം അൽകാരസ് മുന്നിലെത്തി. മൂന്ന് മാച്ച് പോയിന്റുകളുമായി കിരീടം ഒരു സെർവ് അകലത്തിൽനിൽക്കെ സമ്മർദത്തിൽ പെട്ട് അൽകാരസ് നിരന്തരം വീഴ്ചകൾ വരുത്തി. അലക്ഷ്യമായ ഷോട്ടുകളും സെർവുകളുമായി താരം കളഞ്ഞുകുളിച്ചപ്പോൾ മറുവശത്ത് സമചിത്തതയോടെ ദ്യോകോ തിരിച്ചുവന്നു.
6-6ൽ ടൈബ്രേക്കറിലേക്ക് നീങ്ങിയ കളിയിലും ഒപ്പത്തിനൊപ്പമായിരുന്നു ഇരുവർക്കും തുടക്കമെങ്കിലും പിന്നീട് 7-4ന് കളി തീർത്തു. ജയിച്ചയുടൻ താരം ഗാലറിപ്പടവുകൾ കയറി കോച്ച് യുവാൻ കാർലോസ് ഫെറേരോയും തന്റെ ഉറ്റവരുമുള്ളിടത്തെത്തി എല്ലാവർക്കും മുത്തം നൽകുന്നതും ആവേശക്കാഴ്ചയായി. 2022ൽ യു.എസ് ഓപണിൽ കൗമാരക്കാരനായാണ് അൽകാരസ് ആദ്യ ഗ്രാൻഡ് സ്ലാം നേടുന്നത്.
രണ്ടുവർഷങ്ങൾക്കിടെ ടെന്നിസിലെ വലിയ നേട്ടങ്ങൾ നാലാക്കി ഉയർത്തുമ്പോൾ ഈ പ്രായത്തിലെ റെക്കോഡ് കൂടിയാണ്.
ലണ്ടൻ: വിംബിൾഡൺ വീൽചെയർ സിംഗിൾസിൽ കിരീടവുമായി കരിയർ ഗ്രാൻഡ് സ്ലാം നേടി ബ്രിട്ടീഷ് താരം ആൽഫി ഹുവെറ്റ്. കഴിഞ്ഞ രണ്ടുതവണയും കലാശപ്പോരിൽ കീഴടങ്ങിയ പരിഭവം തീർത്താണ് മാർട്ടിൻ ഡി ല പുവന്റക്കെതിരെ നേരിട്ടുള്ള സെറ്റുകളിൽ താരം അനായാസ ജയം കുറിച്ചത്. ഗോർഡൻ റീഡിനൊപ്പം ഡബ്ൾസിലും ഇവിടെ താരം കിരീടം നേടിയിരുന്നു. ജപ്പാൻ ഇതിഹാസ താരം ഷിൻഗോ കുനീദക്കുശേഷം സിംഗിൾസിലും ഡബ്ൾസിലും ജയിക്കുന്ന താരമാകുകയാണ് ഹുവെറ്റ്. ഇതോടെ ഒമ്പത് ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾക്കൊപ്പം ഡബ്ൾസിൽ 20ഉം താരത്തിന് സ്വന്തമായി. പുരുഷ വിഭാഗത്തിൽ കുനീദ 50 ഗ്രാൻഡ് സ്ലാമുകളുമായി മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.