ന്യൂയോർക്: യു.എസ് ഓപണോടെ സെറീന വില്യംസ് മാത്രമല്ല ടെന്നിസ് കോർട്ടിനോട് വിടപറയുന്നത്. പ്രമുഖരായ രണ്ടുപേർ ആദ്യ റൗണ്ട് മത്സരങ്ങൾ തോറ്റു പുറത്തായതിനു പിന്നാലെ കരിയറിനും വിരാമമിട്ടു. ജർമനിയുടെ ആൻഡ്രിയ പെറ്റ്കോവിക്കും അമേരിക്കയുടെ സാം ക്വീറെയുമാണ് കളംവിട്ടത്. വനിത സിംഗ്ൾസിൽ സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിക് 6-4, 2-6, 6-4ന് പെറ്റ്കോവിക്കിനെയും പുരുഷ സിംഗ്ൾസിൽ ബെലറൂസിന്റെ ഇലിയ ഇവാഷ്ക 4-6, 6-4, 7-6(8), 6-3ന് ക്വീറെയെയും തോൽപിച്ചു. പെറ്റ്കോവിക്കിന്റേത് പെട്ടെന്ന് വന്ന പ്രഖ്യാപനമാണെങ്കിൽ ആഴ്ചകൾക്കുമുമ്പേ വിരമിക്കൽ തീരുമാനിച്ചിരുന്നു ക്വീറെ.
മുൻ ലോക ഒമ്പതാം നമ്പറുകാരിയായ പെറ്റ്കോവിക്, 10 കൊല്ലത്തിലധികമായി ടെന്നിസിലെ ശ്രദ്ധേയ സാന്നിധ്യമാണ്. 2011ൽ മൂന്ന് ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ ഇവർ ക്വാർട്ടർ ഫൈനലിലെത്തിയിരുന്നു. ആറ് ഡബ്ല്യു.ടി.എ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് 34കാരി. താൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് ബെൻസിക് എന്നും അവരോട് ഏറ്റുമുട്ടി കരിയർ അവസാനിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും മത്സരശേഷം പെറ്റ്കോവിക് പറഞ്ഞു. മുൻ ലോക 11ാം നമ്പർ താരമായ ക്വീറെ, 2017 വിംബ്ൾഡണിൽ സെമിഫൈനലിലും അതേ കൊല്ലം യു.എസ് ഓപണിൽ ക്വാർട്ടറിലുമെത്തിയിരുന്നു. ആൻഡി മറേയും നൊവാക് ദ്യോകോവിച്ചുമെല്ലാം ഒന്നാം റാങ്കുകാരായിരിക്കെ അവരെ തോൽപിച്ച് താരമായയാളാണ് 34കാരൻ. 20 എ.ടി.പി ഫൈനലുകൾ കളിച്ച് 10 കിരീടങ്ങളും സ്വന്തമാക്കി.
വൻ അട്ടിമറികൾ; നദാൽ മുന്നോട്ട്
ന്യൂയോർക്: നിലവിലെ ജേത്രി ബ്രിട്ടന്റെ എമ്മ റഡുകാനുവും മുൻ ചാമ്പ്യൻ അമേരിക്കയുടെ വീനസ് വില്യംസും യു.എസ് ഓപൺ ടെന്നിസ് ഒന്നാം റൗണ്ടിൽ പുറത്തായി. സ്പാനിഷ് സൂപ്പർതാരം റാഫേൽ നദാൽ, സ്പെയിനിന്റെതന്നെ കാർലോസ് ആൽകാരസ് തുടങ്ങിയവർ രണ്ടാം റൗണ്ടിലേക്കു മുന്നേറിയപ്പോൾ വിംബ്ൾഡൺ ചാമ്പ്യൻ എലേന റിബാകിനയും മുൻ യു.എസ് ഓപൺ ജേത്രി ജപ്പാന്റെ നവോമി ഒസാകയും അട്ടിമറി തോൽവിയിലൂടെ മടങ്ങി. വനിത സിംഗ്ൾസിൽ ബെൽജിയത്തിന്റെ അലിസൻ വാൻ ഉയ്ത്വാൻക് 6-1, 7-6 (5) സ്കോറിനാണ് സെറീന വില്യംസിന്റെ മൂത്ത സഹോദരിയായ വീനസിനെ വീഴ്ത്തിയത്. ഫ്രാൻസിന്റെ ആലിസ് കോർനറ്റ് 6-3, 6-3ന് റഡുകാനുവിനെയും തോൽപിച്ചു. പുരുഷ സിംഗ്ൾസിൽ ആസ്ട്രേലിയയുടെ അരങ്ങേറ്റക്കാരൻ റിൻകി ഹിജികാറ്റ ആദ്യ സെറ്റിൽ നദാലിനെ ഞെട്ടിച്ചശേഷം കീഴടങ്ങുകയായിരുന്നു. സ്കോർ: 4-6, 6-2, 6-3, 6-3. അർജന്റീനയുടെ സെബാസ്റ്റ്യൻ ബയേസ് പരിക്കേറ്റ് പിന്മാറിയതോടെ ആൽകാരസ് 7-5, 7-5, 2-0ന് മുന്നേറവെ രണ്ടാം റൗണ്ടിലേക്ക് കടന്നു. വനിത സിംഗ്ൾസിൽ ഫ്രാൻസിന്റെ അരങ്ങേറ്റ താരം ക്ലാര ബ്യൂറൽ 6-4 6-4 സ്കോറിനാണ് റിബാകിനയെ അട്ടിമറിച്ചത്. അമേരിക്കയുടെ ഡാനിയേല കോളിൻസ് 7-6 (5), 6-3ന് ഒസാകയെയും പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.