സിഡ്നി: പ്രായം 36ലെത്തുകയും മെൽബൺ പാർക്കിൽ കിരീടങ്ങൾ 10 എണ്ണം പൂർത്തിയാക്കുകയും ചെയ്തിട്ടും സാക്ഷാൽ ദ്യോക്കോക്ക് എതിരാളികളില്ല. ചരിത്രം പുതുത് കുറിച്ച് ഗ്രാൻഡ്സ്ലാം നേട്ടങ്ങൾ 25ലെത്തിക്കാൻ കങ്കാരുമണ്ണിൽ ഒരിക്കൽകൂടി റാക്കറ്റുമായെത്തിയ ടോപ് സീഡ് നൊവാക് ദ്യോകോവിച് പ്രീക്വാർട്ടറിൽ എതിരാളിയെ വീഴ്ത്തിയത് സമാനതകളില്ലാത്ത സ്കോറിന്. ആദ്യ രണ്ടു സെറ്റിലും ഫ്രഞ്ച് താരം അഡ്രിയൻ മന്നാറിനോയെ പൂജ്യനാക്കിയ ദ്യോകോ ഒരു മണിക്കൂർ 44 മിനിറ്റിൽ കളി തീർക്കുമ്പോൾ മൂന്നാം സെറ്റിൽ മാത്രമാണ് ആശ്വാസമാകാൻ പോയന്റുകൾ അനുവദിച്ചത്. സ്കോർ: 6-0 6-0 6-3.
ആദ്യവസാനം ദ്യോകോ വാഴ്ച കണ്ട കളിയുടെ മൂന്നാം സെറ്റിന്റെ രണ്ടാം ഗെയിമിൽ മന്നാറിനോ ഒരു പോയന്റ് സ്വന്തമാക്കുംവരെ ഗാലറി അത്ഭുതത്തോടെ കണ്ണുംനട്ടിരിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി ആസ്ട്രേലിയൻ ഓപണിൽ എതിരാളിക്ക് ഒരു പോയന്റ് നൽകാതെ കളി ജയിക്കുകയെന്ന റെക്കോഡിന്റെ പിറവിക്കരികെയെന്നതായിരുന്നു സവിശേഷത. എന്നാൽ, കാണികളുടെ ഞെട്ടൽ കണ്ട് അത് അങ്ങനെ സംഭവിക്കരുതേയെന്ന് താൻപോലും കൊതിച്ചുപോയെന്നായിരുന്നു കളിക്കൊടുവിൽ ദ്യോകോയുടെ പ്രതികരണം.
12ാം സീഡ് ടെയ്ലർ ഫ്രിറ്റ്സാണ് ക്വാർട്ടറിൽ എതിരാളി. ഇത്തവണ കിരീടം പിടിച്ചാൽ ഗ്രാൻഡ്സ്ലാമിൽ മാർഗരറ്റ് കൂടി പങ്കുവെക്കുന്ന ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന നേട്ടം ദ്യോക്കോക്ക് സ്വന്തമാകും.
ജാനിക് സിന്നർ, ഫ്രിറ്റ്സ്, അൽകാരസ് എന്നിങ്ങനെ കടുത്ത എതിരാളികൾ ഇനിയും മുന്നിലുള്ളതിനാൽ വരും മത്സരങ്ങൾ ഇത്രയെളുപ്പമാകില്ലെന്നുറപ്പ്. പ്രീക്വാർട്ടറിൽ സിന്നർ ഖച്ചനോവിനെ 6-4, 7-5, 6-3 എന്ന സ്കോറിനാണ് മറികടന്നത്. വനിതകളിൽ അരിന സബലെങ്ക 6-3, 6-2ന് അനിസിമോവയെയും 19കാരിയായ അമേരിക്കൻ താരം കൊക്ക ഗോഫ് 6-1, 6-2ന് പോളണ്ടിന്റെ മഗ്ദലീന ഫ്രെക്കിനെയും വീഴ്ത്തി ക്വാർട്ടറിലെത്തി.
നിർണായകമായ മറ്റൊരു മത്സരത്തിൽ ആൻഡ്രേ റുബലേവ് അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ അലക്സ് ഡി മിനോറിനെ തോൽപിച്ച് ക്വാർട്ടറിലെത്തി. സ്കോർ 6-4 (4)6-7 (5)6-7 6-4 6-0.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.