മെൽബൺ: പുതുവർഷത്തിലെ ആദ്യ ഗ്രാൻഡ്സ്ലാം പോരാട്ടത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ആസ്ട്രേലിയ. ഫെബ്രുവരി എട്ടുമുതൽ 21 വരെയാണ് ടൂർണമെെൻറങ്കിലും കോവിഡാനന്തരമൊരുങ്ങുന്ന ആദ്യ ആസ്ട്രേലിയൻ ഗ്രാൻഡ്സ്ലാമിന് യുദ്ധസമാനമായാണ് ഒരുക്കം. ക്വാറൻറീൻ കഴിഞ്ഞ് പരിശീലനം ആരംഭിക്കാമെന്ന ലക്ഷ്യവുമായി മൂന്നാഴ്ച മുമ്പ് തന്നെ ആസ്ട്രേലിയൻ മണ്ണിലെത്തിയ കളിക്കാരിൽ പലരും ഐസൊലേഷൻ കെണിയിലായി.
ശനിയാഴ്ച രണ്ട് ചാർട്ടർ വിമാനങ്ങളിലായി മെൽബണിലെത്തിയ 47 കളിക്കാരാണ് സഹയാത്രികരിൽ ഏതാനും പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഐസൊലേഷനിലായത്. അമേരിക്കയിലെ ലോസ്ആഞ്ജലസിൽനിന്ന് എത്തിയ വിമാനത്തിൽ രണ്ടു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ വിമാനത്തിലുണ്ടായിരുന്ന 23 താരങ്ങളോട് ഹോട്ടൽ മുറിയിൽ 14 ദിവസം ഐസൊലേഷനിൽ കഴിയാൻ ആസ്ട്രേലിയൻ ഓപൺ സംഘാടകരും ആരോഗ്യവകുപ്പ് അധികൃതരും നിർദേശം നൽകി.
മുൻ ചാമ്പ്യൻ വിക്ടോറിയ അസരങ്കെ ഉൾപ്പെടെ താരങ്ങൾ സംഘത്തിലുള്ളതായി ആസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അബൂദബിയിൽനിന്ന് എത്തിയ വിമാനത്തിൽ യാത്രചെയ്ത 24 കളിക്കാരെയും ഐസൊലേഷനിലേക്ക് മാറ്റി. ൈഫ്ലറ്റ് ക്രൂവും യാത്രക്കാരനും ഉൾപ്പെടെ രണ്ടു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഐസൊലേഷനിൽ കഴിയുന്ന താരങ്ങൾക്ക് 14 ദിവസത്തിനു ശേഷമേ പരിശീലനത്തിനിറങ്ങാൻ കഴിയൂ.
അടുത്ത മാസം ആരംഭിക്കുന്ന ടൂർണമെൻറിനായി 15 ചാർട്ടർ ൈഫ്ലറ്റുകളിലായി 1200ഓളം കളിക്കാരും ഒഫിഷ്യലുകളുമാണ് ആസ്ട്രേലിയയിൽ എത്താനുള്ളത്. എന്നാൽ, കോവിഡും കടുത്ത ക്വാറൻറീൻ നിബന്ധനകളും പ്രധാന താരങ്ങളെ പിന്നോട്ടടിപ്പിക്കുമോയെന്ന ആശങ്കയിലാണ് സംഘാടകർ.
അഡ്ലെയ്ഡ്: സൂപ്പർ താരങ്ങളായ നൊവാക് ദ്യോകോവിച്, റാഫേൽ നദാൽ, ഡൊമിനിക് തീം, സെറീന വില്യംസ്, നവോമി ഒസാക തുടങ്ങിയവർ ആസ്ട്രേലിയൻ ഓപണിനായി നേരേത്ത എത്തി. ചാർട്ടർ വിമാനങ്ങളിലെത്തിയ താരങ്ങൾ 14 ദിവസത്തെ നിർബന്ധിത ക്വാറൻറീനിലാണ്. അഡ്ലെയ്ഡ്, മെൽബൺ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് താരങ്ങളുടെ ക്വാറൻറീൻ വാസം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഒറ്റക്ക് പരിശീലനം നടത്താൻ അനുവാദമുണ്ട്. 14 ദിവസത്തിനുശേഷം മാത്രമേ സന്നാഹ മത്സരങ്ങൾക്ക് ഇറങ്ങാൻ കഴിയൂ. വിക്ടോറിയ അസരെങ്ക, പെട്ര ക്വിറ്റോവ, ജൊഹാന കോൻറ, സ്റ്റാൻ വാവ്റിങ്ക എന്നിവർ മെൽബണിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.