ആസ്ട്രേലിയൻ ഓപൺ ബൊപ്പണ്ണ-എബ്ഡെൻ സഖ്യം ക്വാർട്ടറിൽ

മെൽബൺ: ആസ്ട്രേലിയൻ ഓപൺ ഡബ്ൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ആസ്ട്രേലിയക്കാരനായ മാത്യു എബ്ഡെനും ചേർന്ന സഖ്യം ക്വാർട്ടറിൽ. ഡച്ച് താരം വെസ്ളി കൂൾഹോഫും ക്രൊയേഷ്യയുടെ നികൊള മെക്റ്റികും ചേർന്ന കൂട്ടുകെട്ടിനെയാണ് നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയത്. സ്കോർ: 7-6, 7-6.

തുടക്കം പതറിയ കടുത്ത പോരാട്ടത്തിൽ പിറകിൽനിന്ന ശേഷമായിരുന്നു 43കാരനായ ബൊപ്പണ്ണയും കൂട്ടുകാരനും മത്സരത്തിലേക്ക് തിരികെയെത്തിയത്. രണ്ടു സെറ്റുകളിലും ആദ്യ പോയന്റ് എതിരാളികൾക്ക് വിട്ടുനൽകിയ രണ്ടാം സീഡുകാർ പക്ഷേ, നിർണായക പോരാട്ടത്തിൽ ആവേശകരമായി തിരികെയെത്തി. അർജന്റീന ജോടികളായ മാക്സിമോ ഗോൺസാലസ്-ആൻഡ്രെ മോൾട്ടേനി എന്നിവരാകും അവസാന എട്ടിൽ എതിരാളികൾ. ആദ്യ സീഡുകാരിൽ പലരും നേരത്തേ മടങ്ങിയ ഡബ്ൾസിൽ കിരീടപ്രതീക്ഷകളിലേക്ക് മൂന്നു ചുവടുകൾകൂടി വിജയകരമായി പൂർത്തിയാക്കലെന്ന ശ്രമകരമായ ദൗത്യമാണ് ഇനി വെറ്ററൻ താരത്തിനും കൂട്ടുകാരനും മുന്നിൽ.

അടുത്തിടെ ഡേവിസ് കപ്പ് ചുമതലകളിൽനിന്ന് വിരമിച്ച ബൊപ്പണ്ണ ഓസീസ് മൈതാനത്ത് പലപ്പോഴും മനോഹരമായ പ്രകടനവുമായി ഗാലറിയുടെ കൈയടി നേടി. നെറ്റിനു മുന്നിൽ എതിരാളികൾക്ക് അവസരം നൽകാത്ത ഡ്രോപ്പുകളും േപ്ലസുകളുമായി താരം നിറഞ്ഞാടി. സ്വന്തം സെർവിൽ എബ്ഡെൻ ഒരിക്കൽപോലും ഗെയിം വിട്ടുനൽകിയില്ലെന്നതുകൂടി ആയതോടെ കളി സ്വാഭാവികമായും ബൊപ്പണ്ണക്കും കൂട്ടുകാരനുമൊപ്പമായി. 

എതിരില്ല; അൽകാരസിന് ക്വാർട്ടർ

സിഡ്നി: ഒറ്റയാനായി ചരിത്രമേറാൻ അങ്കം മുറുക്കി നിൽക്കുന്ന നൊവാക് ദ്യോകോവിച്ചിന് മുന്നിൽ ഒരിക്കൽകൂടി വെല്ലുവിളിയാകുമെന്ന പ്രഖ്യാപനവുമായി രണ്ടാം സീഡുകാരൻ കാർലോസ് അൽകാരസ്. പവർ ഗെയിമിന്റെ സമാനതകളില്ലാത്ത ആവേശം പകർന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ സെർബ് താരം മിയോമിർ കെച്മാനോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് 20കാരൻ മെൽബൺ പാർക്കിലെ കന്നി ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. സ്കോർ 6-4 6-4 6-0.

അത്ഭുതപ്പെടുത്തുന്ന അതിവേഗ ചലനങ്ങളും കരുത്തുറ്റ ഗ്രൗണ്ട്സ്ട്രോക്കുകളുമായി ഗാലറിയെ ത്രസിപ്പിച്ച അൽകാരസിനെതിരെ തുടക്കത്തിൽ പിടിച്ചുനിൽക്കാൻ കെച്മാനോവിച് ശ്രമം നടത്തിയെങ്കിലും പിന്നീടെല്ലാം സ്പാനിഷ് താരം ഇച്ഛിച്ച പോലെയായിരുന്നു. പിടിച്ചുനിൽക്കാനുള്ള എല്ലാ ശ്രമങ്ങളും പെരുവഴിയിലാകുന്നുവെന്ന് ഉറപ്പായതോടെ അവസാന സെറ്റ് വഴിപാടായി. ക്വാർട്ടറിൽ സ്വരേവാണ് അൽകാരസിന് എതിരാളി. മറ്റു മത്സരങ്ങളിൽ ഡാനിൽ മെദ്‍വദേവ് പോർച്ചുഗീസ് താരം നൂനോ ബോർഹെസിനെയും പോൾ ഹ്യൂബർട്ട് ഹർകാസ് പുതുമുഖതാരം ആർതർ കാസോക്സിനെയും വീഴ്ത്തി. ജർമനിയുടെ അലക്സാണ്ടർ സ്വരേവ് അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ ബ്രിട്ടീഷ് ഒന്നാം നമ്പറുകാരനായ കാമറൺ നോറിയെയും മറികടന്നു.

Tags:    
News Summary - Australian Open: Bopanna-Ebden team in the quarter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.