മെൽബൺ: സീസണിലെ ആദ്യ ഗ്രാൻഡ്സ്ലാം ടൂർണമെന്റായ ആസ്ട്രേലിയൻ ഒപണിന്റെ വനിത ഫൈനലിൽ ടോപ് സീഡും ആതിഥേയതാരവുമായ ആഷ് ലി ബാർതിയും 27ാം സീഡ് യു.എസിന്റെ ഡാനിയേല കോളിൻസും ഏറ്റുമുട്ടും.
40 വർഷത്തിനുശേഷം ആസ്ട്രേലിയൻ ഓപൺ ഫൈനലിലെത്തുന്ന ആദ്യ ഓസീസ് താരമാണ് ബാർതി. 1980ൽ ഫൈനലിൽ കടന്ന വെൻഡി ടേൺബലിന്റെ നേട്ടത്തിനൊപ്പമെത്തിയ ബാർതിക്ക് കിരീടം നേടാനായാൽ 42 വർഷം പഴക്കമുള്ള നേട്ടം ആവർത്തിക്കാം. 1978ൽ കിരീടം നേടിയ ക്രിസ് ഒനീൽ ആണ് ആസ്ട്രേലിയൻ ഓപൺ അവസാനമായി ഉയർത്തിയ ഓസീസ് താരം. മൂന്നാം ഗ്രാൻഡ്സ്ലാം കിരീടമാണ് 25കാരിയായ ബാർതി ലക്ഷ്യമിടുന്നത്. 2019ൽ ഫ്രഞ്ച് ഓപണും 2021ൽ വിംബിൾഡണും നേടിയിട്ടുണ്ട് ലോക ഒന്നാം നമ്പർ താരം.
യു.എസിന്റെ സീഡില്ലാതാരം മാഡിസൺ കീസിനെ 6-1, 6-3ന് തകർത്തായിരുന്നു ബാർതിയുടെ മുന്നേറ്റം. കോളിൻസാവട്ടെ തന്നെക്കാൾ ഏറെ മുന്നിലുള്ള ഏഴാം സീഡ് പോളണ്ടിന്റെ ഇഗ സ്വിയാറ്റെകിനെ 6-4, 6-1ന് തോൽപിച്ചാണ് കന്നി ഗ്രാൻഡ്സ്ലാം ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. 2020 ഫ്രഞ്ച് ഓപൺ ക്വാർട്ടറിലെത്തിയതാണ് 28കാരിയുടെ ഇതിനുമുമ്പത്തെ മികച്ച നേട്ടം.
വെള്ളിയാഴ്ച നടക്കുന്ന പുരുഷ സെമിയിൽ ആറാം സീഡ് റാഫേൽ നദാൽ ഏഴാം സീഡ് മാറ്റിയോ ബെരറ്റീനിയെയും നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ് ഡാനിൽ മെദ്വദേവിനെയും നേരിടും. നാലാം സീഡായ സിറ്റ്സിപാസ് 6-3, 6-4, 6-2ന് 11ാം സീഡ് യാനിക് സിന്നറിനെയും മെദ്വദേവ് ആദ്യ രണ്ടു സെറ്റ് കൈവിട്ടശേഷം ഗംഭീര തിരിച്ചുവരവിലൂടെ 6-7, 3-6, 7-6, 7-5, 6-4ന് ഒമ്പതാം സീഡ് ഫെലിക്സ് ഓജർ അലിയാസിമിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.