മെൽബൺ: ഇടവേളക്കുശേഷം വീണ്ടും ആസ്ട്രേലിയൻ ഓപണിൽ കളിക്കാനിറങ്ങിയ സെർബിയൻ സൂപ്പർതാരം നൊവാക് ദ്യോകോവിചിന് ജയത്തോടെ തുടക്കം. പുരുഷ സിംഗ്ൾസ് ആദ്യ റൗണ്ടിൽ സ്പെയിനിന്റെ റോബർട്ടോ കാർബാലസ് ബയാനയെ 6-3, 6-4, 6-0 എന്ന സ്കോറിനാണ് തോൽപിച്ചത്.
ബ്രിട്ടന്റെ ആൻഡി മറേ ഇറ്റലിക്കാരൻ മറ്റേയോ ബെറേറ്റിനിയെ 6-3, 6-3, 4-6, 6-7( 7), 7-6 (10-6) തകർത്ത് തിരിച്ചുവരവ് ഗംഭീരമാക്കി. അതേസമയം, ഗാലറിയിൽ റഷ്യൻ, ബെലറൂസ് പതാകകൾക്ക് വിലക്കേർപ്പെടുത്തി. യുക്രെയ്‌ൻ അംബാസഡർ വാസിൽ മൈറോഷ്‌നിഷെങ്കോയുടെ പരാതിയെത്തുടർന്നാണ് നടപടി. യുക്രെയ്ൻ താരം കാതറൈന ബൈൻഡലും റഷ്യൻതാരം കാമില റഖിമോവയും തമ്മിലുള്ള ആദ്യ റൗണ്ട് മത്സരത്തിനിടെ ഒരാൾ റഷ്യൻ പതാക ഉയർത്തിക്കാണിച്ചിരുന്നു. യുക്രെയ്ൻ താരത്തെ പരിഹസിക്കുകയാണെന്ന് ആരോപിച്ച് എതാനും ആരാധകർ പൊലീസിനെയും സുരക്ഷ ജീവനക്കാരെയും വിളിച്ച് പരാതിപ്പെടുകയും ചെയ്തു.
യുക്രെയ്ൻ അധിനിവേശം ആരംഭിച്ചത് മുതൽ നിരവധി കായിക ഇനങ്ങളിൽ റഷ്യയുടെയും അധിനിവേശത്തിന് സഹായമൊരുക്കുന്ന ബെലറൂസിലെയും താരങ്ങൾക്ക് അവരുടെ പതാകക്ക് കീഴിൽ കളിക്കാൻ വിലക്കേർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.