സിഡ്നി: കങ്കാരു മണ്ണിൽ 11ാം ചാമ്പ്യൻപട്ടവും 25 ഗ്രാൻഡ്സ്ലാമുകളെന്ന ചരിത്രവും ഒന്നിച്ച് മാറോടുചേർക്കാൻ കരുത്തോടെ കളംനിറയുന്ന നൊവാകിന് സെമിഫൈനൽ പ്രവേശനം. കടുത്ത ചൂടിൽ മണിക്കൂറുകൾ നീണ്ട ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനൊടുവിൽ 12ാം സീഡായ അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സിനെ 7-6 (7-3), 4-6, 6-2, 6-3ന് മറികടന്നാണ് സെർബിയൻ ഇതിഹാസം അവസാന നാലിലെത്തിയത്. ഇറ്റാലിയൻ യുവതാരം ജാനിക് സിന്നറാണ് സെമിയിലെ എതിരാളി.
ആസ്ട്രേലിയൻ ഓപണിൽ ദ്യോകോയുടെ 11ാം സെമിയാണ്. പത്തിലും ജയിച്ച് ഫൈനലിൽ കടന്നു. 48 ഗ്രാൻഡ്സ്ലാം സെമി ഫൈനലുകളുമായി സ്വന്തം പേരിലെ റെക്കോഡും പുതുക്കി താരം. റഷ്യക്കാരൻ ആന്ദ്രെ റബ് ലോവിനെ 6-4, 7-6, 6-3 സ്കോറിന് തോൽപിച്ചാണ് സിന്നറിന്റെ വരവ്. വനിതകളിൽ യു.എസിന്റെ കൊകോ ഗോഫും സെമിയിൽ കടന്നു.
യുക്രെയ്ൻ താരം മാർട്ട കൊസ്റ്റ്യൂകിനെ 7-6 (6), 6-7 (3), 6-2നെയാണ് ക്വാർട്ടറിൽ തോൽപിച്ചത്. ഫൈനൽ തേടി ഗോഫ് നിലവിലെ ചാമ്പ്യൻ ബെലറൂസിന്റെ അരീന സബലങ്കയെ നേരിടും. ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബോറ ക്രെസിക്കോവയെ ക്വാർട്ടറിൽ 6-2, 6-3ന് അനായാസം മറികടന്നു സബലങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.