ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നിനു ശേഷമായിരുന്നു റഷ്യൻ താരം ആൻഡ്രി റുബലേവ് സാക്ഷാൽ നൊവാക് ദ്യോകോവിച്ചുമായി അവസാന എട്ടിലെ പോരാട്ടത്തിൽ കൊമ്പുകോർക്കാനെത്തിയത്. മണിക്കൂറുകൾ നീളുന്ന വീറുറ്റ പോരാകുമെന്ന് ഗാലറിയും കണക്കുകൂട്ടി. എന്നാൽ, മെൽബൺ പാർകിലെ റോഡ് ലേവർ അറീനയിൽ കളി തുടങ്ങിയതോടെ എല്ലാം ഏകപക്ഷീയമായിപ്പോയി. അതിവേഗം അവസാനിച്ച കളി 6-1 6-2 6-4ന് പിടിച്ച് നൊവാക് ദ്യോകോവിച്ച് ഗ്രാൻഡ് സ്ലാമിൽ 44ാം സെമി ഫൈനലിൽ ഇടമുറപ്പിച്ചു. സീഡില്ലാ താരം യു.എസിന്റെ ടോമി പോളാണ് വെള്ളിയാഴ്ച അവസാന നാലിലെ എതിരാളി.
കഴിഞ്ഞ സീസണിൽ കോവിഡ് നിയമങ്ങൾ പറഞ്ഞ് വിമാനമിറങ്ങിയ ഉടൻ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച നാട്ടിൽ ഇത്തവണ മധുര പ്രതികാരമാണ് ദ്യോകോക്ക് ഓരോ കളിയും. വൈകാരിക തീവ്രത നിറയുന്ന കോർട്ടിൽ അതുകൊണ്ടുതന്നെ എതിരാളികളെ നിലംതൊടീക്കാതെയാണ് താരത്തിന്റെ പ്രകടനം. റഷ്യയുടെ മറ്റൊരു താരം കാരെൻ ഖച്ചനോവും ഗ്രീകുകാരനായ സ്റ്റെഫാനോസ് സിറ്റ്സിപ്പാസും തമ്മിലാണ് രണ്ടാം സെമി.
സീഡിങ്ങിൽ മുന്നിലുള്ളവരിലേറെയും നേരത്തെ മടങ്ങിയ മെൽബൺ പാർക്കിൽ 22ാം ഗ്രാൻഡ് സ്ലാം നേടി ചരിത്രത്തിലേക്ക് നടന്നുകയറുകയാണ് ദ്യോകോയുടെ ലക്ഷ്യം. നിലവിൽ റാഫേൽ നദാലിന്റെ പേരിലാണ് ഈ റെക്കോഡ്. കഴിഞ്ഞ വർഷം ദ്യോകോ കളിക്കാൻ അനുവദിക്കാതെ നാടുകടത്തപ്പെട്ടതോടെ അനായാസ ജയം സ്വന്തമാക്കിയ നദാൽ ഇത്തവണ നേരത്തെ മടങ്ങിയിരുന്നു.
പേശീവലിവുമായി കഴിഞ്ഞ കളിയിൽ മുടന്തിയ ദ്യോകോവിച്ചിന്റെ പരിക്കിനെ ചൊല്ലിയായിരുന്നു സെമി തുടങ്ങുംമുമ്പ് വരെ ആധിയേറെയും. എന്നാൽ, മൈതാനത്ത് പതർച്ചയൊട്ടും കാണിക്കാതെയായിരുന്നു താരത്തിന്റെ പ്രകടനം. ഏറ്റവും മികച്ച ഫോർഹാൻഡുകളുമായി കളി തന്റെതാക്കാൻ എത്തിയ റുബലേവിനെ ക്രിത്യമായ റിട്ടേണുകളുമായി നേരിട്ട ദ്യോകോ ഏത് ആംഗിളിലും എതിരാളിയെ വീഴ്ത്തുന്നതായി കാഴ്ച. അവസാന സെറ്റിൽ മാത്രമായിരുന്നു കുറച്ചെങ്കിലും റഷ്യൻ താരം പിടിച്ചുനിന്നത്.
സെമിയിലെത്തിയ ടോം പോൾ 2009നു ശേഷം ആദ്യമായി അവസാന നാലിലെത്തുന്ന യു.എസ് താരമാണ്. കഴിഞ്ഞ വർഷം വിംബിൾഡൺ കടന്നതാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.