പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. വയസ്സിനപ്പുറം ചൂരൊടുങ്ങാതെ പ്രയാണം നടത്തുന്ന പ്രതിഭകളെ പല കായിക മേഖലകളിലും കാണാനാകും. രോഹൻ ബൊപ്പണ്ണയെ സംബന്ധിച്ച് രണ്ടു കാര്യത്തിൽ നമ്പർ വണ്ണാണ്; പ്രായത്തിലും റാങ്കിലും. വയസ്സ് 44ൽ എത്തുമ്പോഴും ടെന്നിസ് കോർട്ടിലെ ആവേശക്കളിയൊഴുക്കിൽ മികവാർന്ന മത്സരങ്ങൾ സമ്മാനിച്ച് നേട്ടങ്ങൾകൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് ബൊപ്പണ്ണ. ആസ്ട്രേലിയൻ ഓപൺ പുരുഷ ഡബ്ൾസ് കിരീടനേട്ടത്തോടെ പ്രായം കൂടിയ ഗ്രാൻഡ് സ്ലാം ജേതാവായി.
1980ൽ ബംഗളൂരുവിൽ ജനിച്ച ബൊപ്പണ്ണ 11ാം വയസ്സു മുതലേ ടെന്നിസിനോട് പ്രിയം വെച്ചുതുടങ്ങിയിരുന്നു, 1995ൽതന്നെ ജൂനിയർ ടൂർണമെന്റുകളിൽ വരവറിയിച്ചു. 2000ത്തിന് ശേഷം പ്രഫഷനൽ ടെന്നിസ് കളിച്ചുതുടങ്ങി. 2006ലാണ് ഗ്ലാൻഡ് സ്ലാം മത്സരങ്ങളിലേക്ക് ബൊപ്പണ്ണ റാക്കറ്റേന്തുന്നത്. സിംഗിൾസിനേക്കാൾ പ്രിയം അദ്ദേഹത്തിന് ഡബിൾസ് മത്സരങ്ങളോടായിരുന്നു. കരിയറിലെ വിജയങ്ങളധികവും ഡബിൾസ് മത്സരങ്ങളിലാണ്.
2017ലെ ഫ്രഞ്ച് ഓപൺ മിക്സഡ് ഡബിൾസിൽ കനേഡിയൻ താരം ഗബ്രിയേല ദബ്രോസ്കിയോടൊപ്പം നേടിയ കിരീടമാണ് ബൊപ്പണ്ണയുടെ കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം ടൈറ്റിൽ. അന്ന് ഗ്രാൻഡ് സ്ലാം നേടുന്ന നാലാമത്തെ ഇന്ത്യക്കാരനായിരുന്നു ബൊപ്പണ്ണ. മഹേഷ് ഭൂപതി, ലിയാൻഡർ പേസ്, സാനിയ മിർസ എന്നിവരാണ് മറ്റുള്ളവർ. പാകിസ്താൻ താരം ഐസമുൽ ഹഖ് ഖുറേഷിയുമായുള്ള സഖ്യമായിരുന്നു ബൊപ്പണ്ണക്കേറ്റം പ്രിയപ്പെട്ടത്. ഇരുവരും ഇന്തോ-പാക് എക്സ്പ്രസ് എന്ന വിശേഷണത്തിലും അറിയപ്പെട്ടിരുന്നു. 2010ലെ യു.എസ് ഓപൺ പുരുഷ ഡബിൾസ് റണ്ണേഴ്സായും ബൊപ്പണ്ണയും ഹഖും വിശിഷ്ടരായി.
2018ലെയും 2023ലെയും ആസ്ട്രേലിയൻ ഓപൺ മിക്സഡ് ഡബിൾസ് ഫൈനൽ, 2023 ലെ യു.എസ് ഓപൺ പുരുഷ ഡബ്ൾസ് ഫൈനൽ, എ.ടി.പി ടൂറുകളിൽ 24 ഡബ്ൾസ് ടൈറ്റിലുകൾ, മാസ്റ്റേഴ്സ് 1000 മത്സരങ്ങളിൽ അഞ്ച് ടൈറ്റിലുകൾ എന്നിവ ബൊപ്പണ്ണയുടെ കരിയറിലെ നേട്ടങ്ങളാണ്. 2023ലെ ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിലെ വിജയത്തോടെ ആ തലത്തിൽ ഏറ്റവും പ്രായംകൂടിയ കിരീട ജേതാവായും ബൊപ്പണ്ണ വിശേഷിപ്പിക്കപ്പെട്ടു.
2023ലെ യു.എസ് ഓപൺ പുരുഷ ഡബിൾസ് ഫൈനലിലെത്തിയതോടെ ഗ്രാൻഡ് സ്ലാം ടൂർണമെന്റിലെത്തുന്ന പ്രായംകൂടിയ ഫൈനലിസ്റ്റായും അദ്ദേഹം വാഴ്ത്തപ്പെട്ടിരുന്നു. വിശേഷണങ്ങളിലൊതുക്കാൻ കഴിയാത്ത ആത്മവീര്യത്തോടെയാണ് പ്രായം മറന്ന് ബൊപ്പണ്ണ റാക്കറ്റുമായി കോർട്ടിലിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.