ആസ്‌ട്രേലിയൻ ഓപ്പൺ വനിത ഡബിൾസ് കിരീടം നേടി ബാർബറോ ക്രജികോവ, കാതറീന സിനിയകോവ സഖ്യം. നിരവധി ഗ്രാൻഡ് സ്‌ലാം കിരീടങ്ങൾ ഉയർത്തിയ ചെക് റിപബ്ലിക് സഖ്യത്തിന്‍റെ ആദ്യ ആസ്‌ട്രേലിയൻ ഓപ്പൺ കിരീടമാണിത്. ബ്രസീൽ - കസാഖിസ്ഥാൻ സഖ്യമായ അന്ന ഡാനിലിന, ബിയാട്രീസ് ഹദ്ദാദ് എന്നിവരെ കീഴ്പ്പെടുത്തിയാണ് ചെക്കുകൾ വിജയത്തിളക്കം നേടിയത്.
2021-ലെ ആസ്‌ട്രേലിയൻ ഓപ്പണിന്‍റെ ഫൈനലിൽ ബെൽജിയം-ബെലാറഷ്യൻ ജോഡികളായ എലിസ് മെർട്ടൻസ്-അറീനയോട് തോൽവി വഴങ്ങിയവരായിരുന്നു ഡബിൾസിൽ ലോകത്ത് ഒന്നും രണ്ടും സ്ഥാനക്കാരായ സിനിയക്കോവയും ക്രജികോവയും. രണ്ട് മണിക്കൂർ 42 മിനിറ്റ് നീണ്ട മത്സരത്തിൽ മികച്ച പ്രകടനമാണ് ചെക്ക് സഖ്യം ഇത്തവണ കാഴ്ചവെച്ചത്.
ലോക ഒന്നാം നമ്പറുകാരെ ഞെട്ടിച്ചു കസാക്കിസ്ഥാൻ-ബ്രസീലിയൻ സഖ്യം ആദ്യ സെറ്റ് ടൈബ്രേക്കറിൽ സ്വന്തമാക്കി. എന്നാൽ അതിശക്തമായി തിരിച്ചടിച്ച ചെക് സഖ്യം രണ്ടാം സെറ്റ് 6-4 ന് നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റും 6-4 നു തന്നെ നേടിയ ചെക് സഖ്യം കിരീടം പൊരുതി സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ മൂന്ന് തവണ ബ്രെയ്ക്ക് വഴങ്ങിയെങ്കിലും അഞ്ച് തവണയാണ് ചെക് സഖ്യം എതിരാളികളെ ബ്രെയ്ക്ക് ചെയ്തത്.
ഇതിനകം രണ്ട് ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളും ഒരു വിംബിൾഡൺ കിരീടവും നേടിയ താരങ്ങൾക്ക് ഗ്രാൻഡ് സ്ലാമിലേക്ക് ഒരു യു.എസ് ഓപ്പൺ കിരീടം മാത്രമാണ് ദൂരം. പുതിയ നേട്ടത്തിനൊടുവിൽ വനിത ഡബിൾസിൽ തങ്ങളുടെ ആധിപത്യം ഒരിക്കൽ കൂടി ചെക് സഖ്യം ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.