ലണ്ടൻ: വിംബ്ൾഡൺ ടെന്നിസ് ടൂർണമെന്റ് പുരുഷ സിംഗ്ൾസ് ഫൈനൽ ഞായറാഴ്ച നടക്കും. ലോക റാങ്കിങ്ങിൽ ഒന്നും രണ്ടും റാങ്കിങ്ങിൽ നിൽക്കുന്നവരുടെ ക്ലാസിക് പോരാട്ടത്തിനാണ് ഇന്ന് ഗ്രാസ് കോർട്ട് വേദിയാവുക. ലോക റാങ്കിങ്ങിൽ രണ്ടാമനായ സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിചിന് എതിരാളിയായെത്തുന്നത് ഒന്നാമനും സ്പാനിഷ് യുവതാരവുമായ കാർലോസ് അൽകാരസാണ്.
യഥാക്രമം 36ഉം 20ഉം വയസ്സ് പൂർത്തിയായവർ. 23 ഗ്രാൻഡ്സ്ലാം സിംഗ്ൾസ് കിരീടങ്ങൾ നേടി പുരുഷ താരങ്ങളിൽ ലോക റെക്കോഡ് കുറിച്ച ദ്യോകോവിചിന് മുന്നിൽ മറ്റൊരു ചരിത്രം കൂടിയുണ്ട്. 24 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ വിഖ്യാത ആസ്ട്രേലിയൻ വനിത താരം മാർഗരറ്റ് കോർട്ടിനൊപ്പമെത്താൻ ഇക്കുറി വിംബ്ൾഡൺ ചാമ്പ്യനായാൽ ദ്യോകോക്ക് കഴിയും. ഗ്രാൻഡ്സ്ലാം ഫൈനലുകളുടെ എണ്ണത്തിലും റെക്കോഡിട്ട ദ്യോകോവിചിന്റെ 35ാം കലാശപ്പോരാണിത്. ഏഴു തവണ വിംബ്ൾഡൺ ചാമ്പ്യനായിട്ടുണ്ട് താരം.
എട്ടു കിരീടവുമായി സ്കോട്ട്ലൻഡിന്റെ റോജർ ഫെഡററാണ് ഇക്കാര്യത്തിൽ മുന്നിൽ. ഇന്ന് ജയിച്ചാൽ ഫെഡററുടെ നേട്ടത്തിനൊപ്പമാവും. തുടർച്ചയായ അഞ്ചാം കിരീടം നേടാനായാൽ അതും റെക്കോഡാവും. അൽകാരസിനെ സംബന്ധിച്ച് ദ്യോകോയെ വീഴ്ത്തി ഗ്രാൻഡ്സ്ലാം ജേതാവുകയെന്നത് സ്വപ്നമാണ്. 2022ലെ മഡ്രിഡ് എ.ടി.പി മാസ്റ്റേഴ്സ് സെമിഫൈനലിലാണ് ഇരുവരും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് അൽകാരസ് അട്ടിമറിജയം നേടി. എന്നാൽ, കഴിഞ്ഞ മാസം ഫ്രഞ്ച് ഓപൺ സെമിയിൽ ദ്യോകോവിച് തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.