സെർബിയൻ ഇതിഹാസത്തെ തകർത്ത് സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് വിംബ്ൾഡൺ കിരീടം ചൂടിയിട്ട് മൂന്നാഴ്ച പിന്നിടുകയാണ്. 24ാം ഗ്രാൻഡ്സ്ലാം സിംഗ്ൾസ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ 36-കാരനായ നൊവാക് ദ്യോകോവിച്ചിനെ 20-കാരനായ അൽകാരസ് പരാജയപ്പെടുത്തിയത് അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു. അതിന് ശേഷം നടന്ന കനേഡിയൻ ഓപണിൽ ദ്യോകോ കളിച്ചിരുന്നില്ല. ക്ഷീണം മാറിയില്ലെന്ന കാരണം നിരത്തിയായിരുന്നു സെർബിയൻ താരം പിന്മാറ്റം പ്രഖ്യാപിച്ചത്. യു.എസ് ഓപൺ അടുത്തെത്തിനിൽക്കെ കരുത്തുകാട്ടാനുള്ള അവസരമായിട്ടും വിംബ്ൾഡൺ തോൽവിയിൽനിന്ന് മുക്തനായില്ലെന്ന സൂചന നൽകിയായിരുന്നു താരത്തിന്റെ പിന്മാറ്റം.
ഈ മാസാവസാനം നടക്കുന്ന യു.എസ് ഓപൺ ആണ് ദ്യോകോവിച്ചിനെ കാത്തിരിക്കുന്ന അടുത്ത കടമ്പ. അതിന് മുന്നോടിയായി കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കുകയാണ് താരം. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുള്ള വിഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും അതിന്റെ വിശേഷങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. എന്നാൽ, കോവിഡ് വാക്സിൻ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണ അവസരം നിഷേധിക്കപ്പെട്ട യു.എസ് ഓപണിൽ രണ്ട് വർഷങ്ങൾക്ക് ശേഷം വമ്പൻ തിരിച്ചുവരവ് നടത്താനായി കടുത്ത പരിശീലത്തിലാണ് ദ്യോകോ ഇപ്പോൾ.
അൽകാരസിനോട് തോറ്റതിന് ശേഷമുള്ള ദ്യോകോവിച്ചിന്റെ ആദ്യ പരിശീലന വീഡിയോ വെള്ളിയാഴ്ച ഇന്റർനെറ്റിൽ വൈറലായിരുന്നു. ഒരു സ്വകാര്യ പാർക്കിൽ വ്യായാമം ചെയ്യുന്നതായാണ് വിഡിയോയിലുള്ളത്. എന്നാൽ ആരാധകരെ അമ്പരപ്പിച്ചത് അദ്ദേഹത്തിന്റെ പുതിയ രൂപമായിരുന്നു. താടിയും മീഷയും വളർത്തിയ രീതിയിലായിരുന്നു വിഡിയോയിൽ ദ്യോകോവിച്. ആദ്യമായി ദ്യോകോയെ അത്തരമൊരു രൂപത്തിൽ കണ്ടതോടെ ആരാധകർ പല അനുമാനങ്ങളുമായി എത്തി.
‘വിംബിൾഡൺ ഫൈനൽ തോൽവി ഒരു മനുഷ്യനെ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല’ - ദ്യോകോയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരാൾ എഴുതി. ഇത്തരത്തിൽ വന്ന ചില ട്വീറ്റുകൾ കാണാം..
റോജേഴ്സ് കപ്പിൽ നിന്ന് പിൻവാങ്ങിയതിന് ശേഷം, ദ്യോക്കോവിച്ച് അടുത്തതായി സിൻസിനാറ്റി മാസ്റ്റേഴ്സിലാണ് മാറ്റുരക്കുന്നത്. അത് യുഎസ് ഓപ്പണിന് മുമ്പുള്ള അദ്ദേഹത്തിന്റെ ഏക തയ്യാറെടുപ്പായിരിക്കും. അതുപോലെ, ആ ഇവന്റിൽ അദ്ദേഹം ഡബിൾസും കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.