പാരിസ്: ഫ്രഞ്ച് ഓപൺ ടെന്നിസിന് ഇന്ന് തുടക്കം. പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ സീഡില്ലാ താരമായെത്തുന്ന സ്പെയിനിന്റെ റാഫേൽ നദാൽ ആദ്യ റൗണ്ടിൽ നാലാം സീഡായ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ നേരിടും. ഈ വർഷം പ്രഫഷനൽ ടെന്നിസിനോട് വിടപറയുമെന്ന് നേരത്തേ സൂചന നൽകിയിരുന്നെങ്കിലും ഇത് തന്റെ അവസാന ഫ്രഞ്ച് ഓപണാണെന്ന് നൂറു ശതമാനം ഉറപ്പില്ലെന്നാണ് മത്സരത്തലേന്ന് നദാൽ അഭിപ്രായപ്പെട്ടത്.
നിലവിൽ ശാരീരികമായി ഏറെ ഫിറ്റാണെന്നും ഇവിടെ അവസാന മത്സരമാകാനും അല്ലാതിരിക്കാനും സാധ്യതയുണ്ടെന്ന് ഫ്രഞ്ച് ഓപണിൽ 14 കിരീടം നേടി റെക്കോഡുയർത്തിയ നദാൽ പറഞ്ഞു. പരിക്കും ശസ്ത്രക്രിയയും കാരണം ഏറെ നാളായി വിശ്രമത്തിലായിരുന്നു നദാൽ. 2023 ജനുവരിക്കുശേഷം 11 മത്സരങ്ങളാണ് ആകെ കളിച്ചത്.
നിലവിൽ 276 ആണ് റാങ്ക്. അടുത്തിടെ ഇറ്റാലിയൻ ഓപണിൽ രണ്ടാം റൗണ്ടിൽ പുറത്തായിരുന്നു. നിലവിലെ ജേതാവായ സെർബിയയുടെ നൊവാക് ദ്യോകോവിച്ചിന് ഫ്രാൻസിന്റെ ഹ്യുസ് ഹെർബട്ടാണ് ദ്യോകോയുടെ ആദ്യറൗണ്ട് എതിരാളി. ഇന്ത്യയുടെ സുമിത് നാഗൽ റഷ്യയുടെ കാരൻ ഖാച്ചനോവിനെ ഒന്നാം റൗണ്ടിൽ നേരിടും.
പോളണ്ടിന്റെ ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാറ്റക് ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണെത്തുന്നത്. ബെലറൂസിന്റെ അരിന സബലേങ്കയാകും കിരീട പോരാട്ടത്തിൽ ഇഗയുടെ പ്രധാന വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.