ന്യൂയോർക്ക്: അമേരിക്കൻ കൗമാരതാരം കൊകൊ ഗോഫിന് യു.എസ് ഓപൺ കിരീടം. വനിത സിംഗ്ൾസ് ഫൈനലിൽ ബെലറൂസിന്റെ അരീന സബലെങ്കയെ അട്ടിമറിച്ചാണ് 19 കാരി ഗോഫ് തന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീട നേട്ടം സ്വന്തമാക്കിയത്. ആർതർ ആഷെ സ്റ്റേഡിയത്തിൽ രണ്ട് മണിക്കൂറും ആറ് മിനിറ്റും നീണ്ട പോരാട്ടത്തിൽ 2-6, 6-3, 6-2 സ്കോറിനായിരുന്നു ജയം. സെറീന വില്യംസിന് ശേഷം യു.എസ് ഓപൺ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ഗോഫ് മാറി. 1999ൽ മാർട്ടീന ഹിങ്ഗിസിനെ തോൽപിച്ച് സെറീന ചാമ്പ്യനാവുമ്പോൾ അന്ന് 18 വയസ്സായിരുന്നു.
മത്സരത്തിൽ സബലെങ്കയും ഗോഫും ഒരുപോലെ പിഴവുകൾ വരുത്തിയെങ്കിലും അന്തിമ വിജയം യു.എസുകാരിക്കൊപ്പം നിൽക്കുകയായിരുന്നു. ആദ്യ സെറ്റ് ജയിച്ച സബലെങ്കക്ക് പക്ഷെ രണ്ടും മൂന്നും സെറ്റുകളിൽ മുട്ടുമടക്കേണ്ടി വന്നു. 28,143 പേരാണ് മത്സരം കാണുന്നതിനായി സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. ജൂലൈയിൽ നടന്ന വിംബ്ൾഡൺ ടൂർണമെന്റിൽ ആദ്യ റൗണ്ടിൽ തന്നെ ഗോഫ് പുറത്തായിരുന്നു. പിന്നീട് നടന്ന വാഷിങ്ടൺ, സിൻസിനാറ്റി ടൂർണമെന്റുകളിൽ വിജയിച്ചു. കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപണിലെ പരാജയം തന്നെ വല്ലാതെ ഉലച്ചുവെന്ന് മത്സരശേഷം ഗോഫ് പറഞ്ഞു. ‘‘കിരീട നേട്ടത്തിന് എന്നെ അവിശ്വസിച്ചവരോടാണ് നന്ദി പറയേണ്ടത്. എന്റെ ഉള്ളിലുള്ള തീ കെടുത്താൻ വെള്ളമൊഴിക്കുകയാണ് ചെയ്യുന്നതെന്നാണ് അവർ വിചാരിച്ചത്. എന്നാൽ, ഗ്യാസായിരുന്നു എന്റെ തീക്കുമേൽ അവർ ഒഴിച്ചത്. ഞാൻ ഇപ്പോൾ കൂടുതൽ ശക്തിയോടെ കത്തുകയാണ്’’- ഗോഫ് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.