പാരിസ്: ഇന്ത്യൻ ടെന്നിസിലെ ഇതിഹാസതാരം രോഹൻ ബൊപ്പണ്ണ കളി നിർത്തി. 22 വർഷം നീണ്ട കരിയർ അവസാനിപ്പിച്ചാണ് പാരിസ് ഒളിമ്പിക്സിലെ ആദ്യ റൗണ്ട് തോൽവിക്ക് പിറകെ വിരമിക്കൽ പ്രഖ്യാപനം. എൻ. ബാലാജിക്കൊപ്പം ഫ്രഞ്ച് താര ജോഡികളായ ഗെയ്ൽ മോൺഫിൽസ്- റോജർ വാസലിൻ എന്നിവർക്കു മുന്നിലായിരുന്നു ഇരുവരും വീണത്. ഇതോടെ പാരിസ് ഒളിമ്പിക്സ് ടെന്നിസിൽ ഇന്ത്യയുടെ മെഡൽ യാത്രക്ക് നേരത്തെ അവസാനമായി.
പുരുഷ സിംഗിൾസിൽ സുമിത് നഗൽ ആദ്യ റൗണ്ടിൽ തോൽവി ഏറ്റുവാങ്ങിയിരുന്നു. 1996ൽ ലിയാണ്ടർ പെയസ് വെങ്കലം നേടിയ ശേഷം ടെന്നിസിൽ ഇതുവരെയും ഇന്ത്യ മെഡൽ തൊട്ടിട്ടില്ല. 2016ൽ ബൊപ്പണ്ണയും സാനിയ മിർസയും ചേർന്ന മിക്സഡ് ഡബ്ൾസ് സഖ്യം മെഡലിനരികെയെത്തിയെങ്കിലും നാലാമതായി. ഡേവിസ് കപ്പടക്കം മറ്റു മത്സരങ്ങളിൽനിന്ന് നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
2026ലെ ഏഷ്യൻ ഗെയിംസിലും താൻ പങ്കെടുക്കില്ലെന്ന് ബൊപ്പണ്ണ അറിയിച്ചു. അതേ സമയം, പ്രഫഷനൽ ടെന്നിസിൽ ആസ്ട്രേലിയൻ താരം മാത്യു ഹെബ്ഡനൊപ്പം ഇനിയും താരം ഇറങ്ങിയേക്കും. ആസ്ട്രേലിയൻ ഓപൺ പുരുഷ ഡബ്ൾസ് കിരീടം ഇത്തവണ ബൊപ്പണ്ണ- ഹെബ്ഡൻ ജോഡിക്കായിരുന്നു. ഇരുവരും ലോക റാങ്കിങ്ങിൽ മൂന്ന്, നാല് സ്ഥാനങ്ങളിലാണ്.
‘‘ഇത്രത്തോളമായതു തന്നെ വലിയ നേട്ടം. രണ്ടു പതിറ്റാണ്ടുകാലം ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. 2002ൽ അരങ്ങേറ്റം കുറിച്ചത് മുതൽ 22 വർഷമായി രാജ്യത്തിന്റെ ജഴ്സിയണിയുന്നു. അതിൽ വലിയ അഭിമാനമുണ്ട്’’- ബൊപ്പണ്ണ പറഞ്ഞു.
2010ൽ ബ്രസീലിനെതിരായ ഡേവിസ് കപ്പ് മത്സരത്തിൽ റിക്കാർഡോ മെല്ലോയെ കീഴടക്കി ലോകഗ്രൂപിലേക്ക് യോഗ്യത നേടിയതാണ് താരത്തിന്റെ ദേശീയ കരിയറിലെ ഏറ്റവും വലിയ വിജയം. ‘‘തീർച്ചയായും ഡേവിസ് കപ്പ് ചരിത്രത്തിൽ രേഖപ്പെട്ടതാണത്. എനിക്ക് ഏറ്റവും മഹത്തായ നിമിഷം.
ചെന്നൈയിൽ അതുകഴിഞ്ഞ് ബാംഗ്ലൂരിൽ സെർബിയക്കെതിരെ ഡബ്ൾസ് ജയിച്ചതും സവിശേഷമായ ഓർമ’’. ഗ്രാൻഡ് സ്ലാമിൽ പുരുഷ ഡബ്ൾസ് ജയിച്ചതും ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം പിടിക്കുന്നതുമടക്കം ബൊപ്പണ്ണയെ രാജ്യത്തെ ഇതിഹാസങ്ങളുടെ നിരയിലേക്ക് ഉയർത്തിയ നേട്ടങ്ങൾ നിരവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.