ദോഹ: ലോക ഒന്നാം നമ്പർ സ്ഥാനത്തിനൊത്ത പ്രകടനവുമായി ഖത്തറിൽ ഹാട്രിക് കിരീടമണിഞ്ഞ് പോളണ്ടിന്റെ ഇഗ സ്വിയാറ്റെക്. ഖത്തർ ഓപൺ ടെന്നിസ് വനിത സിംഗ്ൾസ് ഫൈനലിൽ ലോക റാങ്കിങ്ങിലെ നാലാം സ്ഥാനക്കാരിയായ കസാഖ്സ്താന്റെ യെലിൻ റിബകിനയെ നേരിട്ടുള്ള രണ്ട് സെറ്റിൽ വീഴ്ത്തിയാണ് ഇഗ തുടർച്ചയായി മൂന്നാം കിരീടം ചൂടിയത്.
സ്കോർ: 7-6(8), 6-2. ഡബ്ല്യൂ.ടി.എ ചാമ്പ്യൻഷിപ്പിൽ 2013-2015 സീസൺ മിയാമി ഓപണിൽ സെറീന വില്യംസ് തുടർച്ചയായി മൂന്ന് കിരീടം ചൂടിയശേഷം ആദ്യമായാണ് ഒരു താരം തുടർച്ചയായി ജേതാവാകുന്നത്. 2022ലും 2023ലും അനായാസം കിരീടം നേടിയ ഇഗ, ഇത്തവണ ഫൈലനിൽ അട്ടിമറി പ്രതീക്ഷിച്ചനിലയിൽനിന്നാണ് തിരിച്ചെത്തിയത്. ആദ്യ സെറ്റിൽ മാത്രം രണ്ടു തവണ റിബകിന ഇഗയുടെ ലീഡ് ബ്രേക്ക് ചെയ്ത് മുന്നേറി. എന്നാൽ, നിർണായക ഘട്ടത്തിൽ മെഡിക്കൽ ടൈം ഔട്ട് റിബകിനയുടെ താളം തെറ്റിച്ചു. എന്നാൽ, പരിചയസമ്പത്തിലൂടെ തിരിച്ചെത്തിയ ഇഗ, എതിരാളിയുടെ വെല്ലുവിളിയെ മറികടന്ന് ടൈ ബ്രേക്കറിലൂടെ സെറ്റ് ജയിച്ചു.
രണ്ടാം സെറ്റിൽ, എതിരാളിക്കു മേൽ മികച്ച ആധിപത്യം നിലനിർത്തിയായിരുന്നു ഇഗ 6-2ന് അനായാസം വിജയിച്ചത്. മത്സരം രണ്ട് മണിക്കൂർ 19മിനിറ്റ് നീണ്ടുനിന്നു. ഇഗയുടെ കരിയറിലെ 18ാമത്തെയും സീസണിലെ ആദ്യത്തെയും കിരീട വിജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.