ലണ്ടൻ: വനിത ടെന്നിസ് ലോക ഒന്നാം നമ്പറിൽ 365 ദിവസം പൂർത്തിയാക്കി പോളണ്ടിന്റെ ഇഗാ സ്വൈറ്റക്. 1975ൽ കമ്പ്യൂട്ടറൈസ്ഡ് റാങ്കിങ് സമ്പ്രദായം നിലവിൽ വന്ന ശേഷം സിംഗ്ൾസിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ താരമാണ് ഇഗ.
2020ൽ ഫ്രഞ്ച് ഓപൺ ചാമ്പ്യനായതോടെ പോളണ്ടിന് വേണ്ടി ആദ്യ ഗ്രാൻഡ് സ്ലാം സിംഗ്ൾസ് കിരീടം നേടുന്ന താരമായിരുന്നു ഇവർ. രണ്ട് പ്രധാന കിരീടങ്ങൾ നേടി 2021ൽ ലോക ഒമ്പതാം നമ്പറിലെത്തി. 2022ൽ ദോഹ മാസ്റ്റേഴ്സും ഇന്ത്യൻ വെൽസ് ഓപണും ജയിച്ച് രണ്ടിലേക്ക് കുതിച്ച ഇഗ, മിയാമി ഓപൺ ചാമ്പ്യനായതോടെയാണ് ഏപ്രിൽ നാലിന് ഒന്നാമതായത്. ഇതേ വർഷം ഫ്രഞ്ച് ഓപൺ, യു.എസ് ഓപൺ ഗ്രാൻഡ് സ്ലാം കിരീടങ്ങളും നേടിയിരുന്നു 21കാരി. പരിക്ക് കാരണം ഇഗ ഇത്തവണത്തെ മിയാമി ഓപണിൽ നിന്ന് പിന്മാറിയിരുന്നു.
പാരിസ്: ചെറിയ ഇടവേളക്ക് ശേഷം പുരുഷ ടെന്നിസ് സിംഗ്ൾസ് ഒന്നാം റാങ്കിൽ തിരിച്ചെത്തി സെർബിയൻ സൂപ്പർ താരം നൊവാക് ദ്യോകോവിച്. സ്പെയിനിന്റെ കാർലോസ് അൽകാരസിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് തിരിച്ചുപിടിച്ചത്.
കോവിഡ് വാക്സിനേഷൻ നടത്താത്തതിനാൽ അമേരിക്കയിൽ കഴിഞ്ഞ മാസം നടന്ന ഇന്ത്യൻ വെൽസ് ഓപണിൽ ദ്യോകോവിച്ചിന് പങ്കെടുക്കാനായിരുന്നില്ല. ഈ കിരീടം നേടി ഒന്നാമനായ അൽകാരസ്, കഴിഞ്ഞ ദിവസം മിയാമി ഓപൺ സെമി ഫൈനലിൽ പുറത്തായതോടെയാണ് ദ്യോകോക്ക് വഴി തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.