പാരിസ്: റോളണ്ട് ഗാരോയിലെ കളിമൺ കോർട്ടിന്റെ രാജകുമാരി ഇഗ സ്യാതകിന് ഫ്രഞ്ച് ഓപൺ ടെന്നിസ് വനിത സിംഗിൾസ് ഹാട്രിക് കിരീടം. 12ാം സീഡും ഇറ്റാലിയൻ താരവുമായ ജാസ്മിൻ പവോലീനിയെ തോൽപിച്ചാണ് പോളണ്ടിന്റെ ടോപ് സീഡായ ഇഗ കിരീടത്തിലേക്ക് റാക്കറ്റ് വീശിയത്.
അനായാസമായ ജയം 6-2, 6-1 എന്ന സ്കോറിനായിരുന്നു. ഫൈനലിന്റെ ആവേശമുയരാത്ത മത്സരം തികച്ചും ഏകപക്ഷീയമായാണ് ഇഗ ജയിച്ച് കയറിയത്. ആദ്യ സെറ്റിലെ ഒന്നാം ഗെയിമിൽ തകർപ്പൻ സെർവുകളും റിട്ടേണുമായി കളംനിറഞ്ഞ ഇഗക്കെതിരെ പിന്നീട് ജാസ്മിൻ പവോലീനി 2-1ന്റെ ലീഡ് നേടി. ഇറ്റാലിയൻ താരത്തിന് പിന്നീട് ഒന്നും ചെയ്യാനായില്ല.
17 വർഷത്തിനു ശേഷമാണ് ഒരു വനിത താരം ഫ്രഞ്ച് ഓപണിൽ ഹാട്രിക് നേടുന്നത്. 2005, 06,07 വർഷങ്ങളിൽ ബെൽജിയത്തിന്റെ ജസ്റ്റിൻ ഹെനിൻ ഹാട്രിക് നേട്ടം കൊയ്തിരുന്നു. പഴയ യുഗോസ്ലാവ്യയുടെ മോണിക്ക സെലസും തുടർച്ചയായി മൂന്ന് ഫ്രഞ്ച് ഓപൺ നേടിയിട്ടുണ്ട്. കളിച്ച ഗ്രാൻഡ്സ്ലാം ഫൈനലുകളെല്ലാം ജയിച്ചെന്ന ഖ്യാതിയും ഇഗക്കുണ്ട്.
റോളണ്ട് ഗാരോസിൽ എപ്പോഴും കരുത്തു കാട്ടിയ ഇഗ 2023ലും 22ലും ഇവിടെ ജേത്രിയായിരുന്നു. 2022ൽ യു.എസ് ഓപണും നേടിയ പോളിഷ് താരത്തിന്റെ കരിയറിലെ നാലാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. ഫ്രഞ്ച് ഓപണിൽ തുടർച്ചയായി 21 മത്സരങ്ങളാണ് ഇഗ വിജയിച്ചത്. സിംഗിൾസ് ഫൈനലിൽ തോറ്റെങ്കിലും ഡബ്ൾസിൽ ജാസ്മിൻ ഇന്ന് സാറ ഇറാനിക്കൊപ്പം ഫൈനലിൽ കളിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.