ലഖ്നോ: ലോക ഗ്രൂപ് രണ്ടിലേക്ക് താഴ്ന്ന ഇന്ത്യക്ക് ഡേവിസ് കപ്പിൽ നിർണായക മത്സരം. മൊറോക്കോയാണ് ശനിയാഴ്ച തുടങ്ങുന്ന പോരാട്ടത്തിലെ എതിരാളികൾ. 21 വർഷമായി റാക്കറ്റേന്തുന്ന വെറ്ററൻ താരം രോഹൻ ബൊപ്പണ്ണയുടെ അവസാന ഡേവിസ് കപ്പ് കൂടിയാണിത്. കഴിഞ്ഞ മാർച്ചിൽ ഡൽഹിയിൽ ഡെന്മാർക്കിനോട് 2-3ന് തോറ്റതോടെയാണ് ഇന്ത്യ ലോക രണ്ടാം ഗ്രൂപ്പിലേക്ക് താഴ്ന്നത്. മൊറോക്കോക്കെതിരെ ജയിച്ചാൽ അടുത്ത വർഷം നടക്കുന്ന പ്ലേഓഫിന് യോഗ്യത നേടാം. പ്ലേ ഓഫിലും ജയിച്ചുകയറിയാൽ ലോക ഗ്രൂപ് ഒന്നിലേക്ക് സ്ഥാനക്കയറ്റം കിട്ടും.
വയസ്സ് 43ൽ എത്തിയെങ്കിലും രോഹൻ ബൊപ്പണ്ണ ഡബ്ൾസിൽ മികച്ച ഫോമിലാണ്. കഴിഞ്ഞ ആഴ്ച അവസാനിച്ച യു.എസ് ഓപണിൽ പുരുഷ ഡബ്ൾസിൽ ആസ്ട്രേലിയയുടെ മാത്യു എബ്ഡൻ- ബൊപ്പണ്ണ സഖ്യം ഫൈനലിലെത്തിയിരുന്നു. നേരിയ വ്യത്യാസത്തിനാണ് കലാശക്കളിയിൽ തോറ്റത്. സാനിയ മിർസക്കൊപ്പം ആസ്ട്രേലിയൻ ഓപണിൽ മിക്സഡ് ഡബ്ൾസിലും ഫൈനലിലെത്തി.
യുകി ഭാംബ്രിയാണ് ഡേവിസ് കപ്പ് ഡബ്ൾസിൽ ബൊപ്പണ്ണയുടെ കൂട്ടാളി. എലിയറ്റ് ബെൻചെത്രിറ്റ്- യൂനസ് ലലാമി ലാറിസി സഖ്യമാണ് നാളെ നടക്കുന്ന ഡബ്ൾസിലെ എതിരാളികൾ. സിംഗ്ൾസിൽ ശശികുമാർ മുകുന്ദും സുമിത് നാഗലുമാണ് ഇന്ത്യക്കുവേണ്ടി ഇറങ്ങുന്നത്. റിവേഴ്സ് സിംഗ്ൾസ് അടക്കം അഞ്ചു മത്സരങ്ങളാണുള്ളത്. ഡേവിസ് കപ്പിൽ ഇനിയുണ്ടാവില്ലെങ്കിലും എ.ടി.പി സർക്യൂട്ടിൽ ബൊപ്പണ്ണ തുടരും.
സുമിത് സിംഗ്ൾസ് ലോക റാങ്കിങ്ങിൽ 156ാമതാണ്. ശശികുമാർ 365ാമതും. എതിരാളികളായ മൊറോക്കോയുടെ പ്രമുഖ താരമായ എലിയറ്റ് ബെൻചെത്രിറ്റ് 465ാമതാണ്. സ്വന്തം നാട്ടിൽ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. രോഹിത് രാജ്പാലാണ് നോൺ പ്ലെയിങ് ക്യാപ്റ്റൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.