പ്രശസ്ത അമേരിക്കൻ ടെന്നിസ് താരം ജോൺ മെക്കൻറൊയെ പെരുമാറ്റ ദൂഷ്യത്തിന് ആസ്ത്രേലിയൻ ഓപണിൽനിന്ന് പുറത്താക്കിയതിന്റെ ഓർമ ദിനമാണിന്ന്. 1963നുശേഷം ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ അത്തരം ശിക്ഷാനടപടിക്ക് വിധേയനായ ആദ്യ താരമാകുകയായിരുന്നു അദ്ദേഹം. ടെന്നിസ് പ്രേമികളെന്നും വേദനയോടെ മാത്രം ഓർക്കുന്ന ആ സംഭവം നടന്നത് 1990 ജനുവരി 21ന്. മെൽബണിൽ സ്വീഡൻ താരം മൈക്കൾ പേൻഫോസിനെ നേരിടുന്നിതിനിടയിലായിരുന്നു ആവേശം വില്ലനായത്. ടൂർണമെന്റിലെ നാലാം റൗണ്ടിലെത്തി വിജയം ഉറപ്പിക്കാനിരിക്കെ ആവേശത്തിൽ റാക്കറ്റ് പല പ്രാവശ്യം ഗ്രൗണ്ടിൽ അടിച്ചതിനായിരുന്നു ആ വലിയ പിഴ. അതോടെ തന്റെ ആദ്യ ഗ്രാൻഡ് സ്ലാം സ്വപ്നമാണ് താരത്തിന് പൊലിഞ്ഞത്.
1980കളുടെ തുടക്കത്തിൽ പ്രഫഷണൽ ടെന്നിസിലെ അജയ്യനായിരുന്ന മക്കൻറോ, 1979 നും 1984 നും ഇടയിൽ മൂന്ന് വിംബിൾഡണും നാല് യുഎസ് ഓപണും നേടി. ബ്യോൺ ബോർഗ്, ജിമ്മി കോണേഴ്സ്, ഇവാൻ ലെൻഡൽ തുടങ്ങിയ ശക്തരായ എതിരാളികൾക്കെതിരെ വിജയം കൊയ്ത ഇതിഹാസം. കരിയറിൽ പുരുഷ ഡബിൾസിൽ ഒമ്പതും മിക്സഡ് ഡബിൾസിൽ ഒന്നും ഉൾപ്പെടെ മൊത്തം 17 ഗ്രാൻഡ് സ്ലാമുകൾ നേടി. സിംഗിൾസിൽ 41-8, ഡബിൾസിൽ 18-2 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഡേവിസ് കപ്പ് റെക്കോഡ്. കൂടാതെ അഞ്ച് കപ്പുകളിൽ അമേരിക്കയെ വിജയിപ്പിക്കാൻ അദ്ദേഹം സഹായിച്ചു. എന്നിരുന്നാലും, കോർട്ടിലെ അനിയന്ത്രിത ശൗര്യം പലപ്പോഴും വില്ലനായി. ആരാധകരുടെ പ്രിയങ്കരനായ മക്കന്റോയെ 20ാം വയസ്സിൽ ബ്രിട്ടീഷ് ടാബ്ലോയിഡുകൾ ‘സൂപ്പർബ്രാറ്റ്’ എന്നാണ് വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.