മലേഷ്യ മാസ്റ്റേഴ്സ്: ഫൈനലിൽ പി.വി സിന്ധുവിന് തോൽവി

ക്വാലാലംപൂർ: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് തോൽവി. ചൈനയുടെ വാങ് ഷിയോട് ഒന്നിനെതിരെ രണ്ടുസെറ്റുകൾക്കാണ് പരാജയപ്പെട്ടത്. സ്കോർ: 21–16, 5-21,16-21.

ടൂർണമെന്റിലെ രണ്ടാം സീഡും ലോക ഏഴാം നമ്പർ താരവുമായ വാങ് ഷിക്കെതിരെ വീരോചിതം പോരാടി ആദ്യ സെറ്റ് നേടിയ ഇന്ത്യക്കാരിക്ക് രണ്ടാം സെറ്റിൽ പിടിച്ചുനിൽക്കാനായില്ല. അഞ്ച് പോയന്റ് മാത്രമാണ് സെറ്റിൽ സിന്ധുവിന് നേടാനായത്. നിർണായകമായ മൂന്നാം സെറ്റ് 21-16ന് ജയിച്ചുകയറി വാങ് ഷി കിരീടവും സ്വന്തമാക്കുകയായിരുന്നു. മത്സരം 79 മിനിറ്റ് നീണ്ടു.

ശനിയാഴ്ച നടന്ന സെമിഫൈനലിൽ തായ്‍ലൻഡിന്റെ ഓങ്ബാംറുങ്ഫാനെ 13-21, 21-16, 21-12ന് തോൽപിച്ചാണ് സിന്ധു ഫൈനലിലേക്ക് ചുവടുവെച്ചത്. ക്വാർട്ടറിൽ ടോ​പ് സീ​ഡ് ചൈനയുടെ ഹാ​ങ് യു​വി​നെ തോൽപിച്ചതോടെ കിരീട പ്രതീക്ഷയിലായിരുന്നു. എന്നാൽ, കലാശപ്പോരിൽ അടിതെറ്റുകയായിരുന്നു.

2022ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ശേഷം പരി​ക്കിനെ തുടർന്ന് ആറ് മാസത്തോളം കളത്തിൽനിന്ന് വിട്ടുനിന്ന സിന്ധുവിന് പിന്നീട് കിരീടം നേടാനായിട്ടില്ല. 2023 ഏപ്രിലിൽ നടന്ന സ്​പെയിൻ മാസ്റ്റേഴ്സിന്റെ ഫൈനലിൽ എത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. മാർച്ചിൽ നടന്ന മാഡ്രിഡ് മാസ്റ്റേഴ്സിൽ ക്വാർട്ടർ ഫൈനലിൽ എത്തിയതായിരുന്നു മലേഷ്യ മാസ്റ്റേഴ്സിന് മുമ്പത്തെ സീസണിലെ മികച്ച പ്രകടനം. 

Tags:    
News Summary - Malaysia Masters: PV Sindhu loses in the final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.