മയാമി: മയാമി ഓപൺ ടെന്നിസ് ഡബിൾസിൽ മാത്യു എബ്ദെനൊപ്പം കിരീടം ചൂടിയ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണക്ക് സ്വന്തമായത് അപൂർവ നേട്ടം. എ.ടി.പി മാസ്റ്റേഴ്സ് 1000 കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് 44ാം വയസ്സിൽ ബൊപ്പണ്ണയെ തേടിയെത്തിയത്. കഴിഞ്ഞ വർഷം ഇന്ത്യൻ വെൽസിൽ കിരീടം നേടിയപ്പോഴുള്ള സ്വന്തം റെക്കോഡാണ് ഇന്ത്യൻ താരം പുതുക്കിയത്. ഫൈനലിൽ ക്രൊയേഷ്യയുടെ ഇവാൻ ഡോഡിക്-അമേരിക്കയുടെ ഓസ്റ്റിൻ ക്രാജിസെക് ജോഡിയെ 6-7, 6-3, 10-16 എന്ന സ്കോറിനാണ് ബൊപ്പണ്ണ-എബ്ദെൻ സഖ്യം വീഴ്ത്തിയത്. ഫൈനലിൽ കടന്നതോടെ ലിയാണ്ടർ പേസിന് ശേഷം ഒമ്പത് എ.ടി.പി മാസ്റ്റേഴ്സിന്റെയും ഫൈനലിൽ കടന്ന ഇന്ത്യൻ താരമെന്ന നേട്ടവും ബൊപ്പണ്ണയെ തേടിയെത്തിയിരുന്നു.
മയാമി ഓപൺ ഫൈനലിൽ ആദ്യ സെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 6-7ന് നഷ്ടമായ ഇന്തോ-ഓസീസ് ജോഡി രണ്ടാം സെറ്റ് 6-3ന് അനായാസം സ്വന്തമാക്കി. അവസാന സെറ്റിൽ 10-6ന് എതിരാളികളെ വീഴ്ത്തിയാണ് കിരീടം സ്വന്തമാക്കിയത്. സെമിയിൽ സ്പെയിനിന്റെ മാർസൽ ഗ്രനോളേഴ്സ്, അർജന്റീനയുടെ ഹൊരാസിയോ സെബലോസ് സഖ്യത്തെ 6-1, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയായിരുന്നു ഫൈനൽ പ്രവേശനം.
കഴിഞ്ഞ ആസ്ട്രേലിയൻ ഓപണിലും ബൊപ്പണ്ണ-എബ്ദെൻ സഖ്യം കിരീടം ചൂടിയിരുന്നു. ഇതോടെ ഏറ്റവും പ്രായം കൂടിയ ഗ്രാന്റ്സ്ലാം ചാമ്പ്യനെന്ന റെക്കോഡും ഇന്ത്യക്കാരനെ തേടിയെത്തിയിരുന്നു. 43 വയസ്സും 329 ദിവസവുമായിരുന്നു അന്ന് പ്രായം. ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാന്റ്സ്ലാം കിരീട നേട്ടമായിരുന്നു അത്. 2017ലെ ഫ്രഞ്ച് ഓപൺ മിക്സഡ് ഡബിൾസിൽ കനഡയുടെ ഗബ്രിയേല ദബ്രോവ്സ്കിക്കൊപ്പമായിരുന്നു ആദ്യ കിരീടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.