പാരിസ്: ബ്രീട്ടിസ് ടെന്നീസ് സൂപ്പർ താരം ആൻഡി മറെ വിരമിക്കുന്നു. പാരിസ് ഒളിമ്പിക്സ് തന്‍റെ അവസാന ടൂർണമെന്‍റായിരിക്കുമെന്ന് താരം വ്യക്തമാക്കി.
പാരിസിലേത് മറെയുടെ അഞ്ചാം ഒളിമ്പിക്സാണ്. 37കാരനായ താരം സിംഗ്ൾസിലും ഡബിള്‍സിലും പങ്കെടുക്കുന്നുണ്ട്. ‘എന്‍റെ അവസാന ടെന്നീസ് ടൂർണമെന്‍റിനാണ് പാരിസിലെത്തിയത്’ -മറെ എക്സിൽ കുറിച്ചു. ഗ്രേറ്റ് ബ്രിട്ടനുവേണ്ടി മത്സരിക്കുന്നത് കരിയരിലെ ഏറ്റവും അവിസ്മരണീയമായ ഒന്നായിരുന്നെന്നും ഏറെ അഭിമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. 2008ലെ ബെയ്ജിങ് ഒളിമ്പിക്‌സാണ് മറെയുടെ ആദ്യ ഒളിമ്പിക്സ് പോരാട്ടം. തൊട്ടടുത്ത ഒളിമ്പിക്‌സില്‍ (ലണ്ടന്‍) പുരുഷ സിംഗിള്‍സിൽ സ്വര്‍ണം നേടിയ മറെ 2016ല്‍ അത് നിലനിര്‍ത്തി. 2012ല്‍ ഡബിള്‍സില്‍ വെള്ളി നേടി.
ഒളിമ്പിക്സിൽ രണ്ടു സിംഗ്ൾസ് കിരീടങ്ങൾ നേടുന്ന ആദ്യ ബ്രിട്ടീഷ് പുരുഷ താരമാണ് മറെ. കരിയറില്‍ മൂന്ന് ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടങ്ങളാണ് മറെ നേടിയത്. 2013, 2016 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയ മറെ 2012ല്‍ യുഎസ് ഓപ്പണിലും ജേതാവായി. അഞ്ചു തവണ ആസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ കളിച്ചെങ്കിലും കിരീടം നേടാനായില്ല. ഒരു തവണ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തി.
തുടർച്ചയായി പരിക്കുകൾ വേട്ടയാടിയതാണ് താരത്തിന് തിരിച്ചടിയായത്. 2019ല്‍ അരക്കെട്ടിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായി. പിന്നീട് താരത്തിന് പഴയ ഫോമിലേക്ക് തിരിച്ചെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.