പാരിസ്: ലോക ടെന്നിസിലെ സുൽത്താൻ ആരെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂവെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് തെളിയിച്ച് റാഫേൽ നദാൽ പെരേര. ലോക അഞ്ചാം നമ്പറായിരിക്കുമ്പോഴും ഫ്രഞ്ച് ഓപണിൽ 14ാം കിരീടവും നേടി സ്പാനിഷ് താരത്തിന്റെ ജയഘോഷം. നോർവേയുടെ ചരിത്രത്തിലെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലിന് ഇറങ്ങിയ എട്ടാം സീഡ് കാസ്പർ റൂഡിനെ 6-3, 6-3, 6-0 എന്ന സ്കോറിൽ അനായാസം കീഴ്പ്പെടുത്തി നദാൽ 22ാം ഗ്രാൻഡ് സ്ലാം കിരീടവും നേടി ഒന്നാമനെന്ന നിലയിൽ ലീഡ് വർധിപ്പിച്ചു.
രണ്ടാം സ്ഥാനക്കാരായ റോജർ ഫെഡറർക്കും നോവാക് ദ്യോകോവിചിനും അവകാശപ്പെടാനുള്ളത് 20 കിരീടങ്ങൾ. ഫ്രഞ്ച് ഓപൺ പുരുഷ സിംഗ്ൾസ് ജേതാവാകുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയായി 36കാരനായ നദാൽ. ഇക്കൊല്ലം ആസ്ട്രേലിയൻ ഓപണും നേടിയിരുന്നു.
റോളങ് ഗാരോയിലെ ഫിലിപ് ഷാട്രിയർ കോർട്ടിൽ ടോസ് ഭാഗ്യം നദാലിനൊപ്പമായിരുന്നു. സെർവ് തിരഞ്ഞെടുത്തു. നദാലിന്റെ മേധാവിത്വത്തോടെയാണ് ആദ്യ സെറ്റ് തുടങ്ങിയത്. 2-0ത്തിന് മുന്നിൽ നിൽക്കെ റൂഡിന്റെ തിരിച്ചുവരവ്. ശക്തമായി തിരിച്ചടിച്ച് 4-1ന് നദാൽ മുന്നേറവെ റൂഡ് ഒരു ഗെയിം കൂടി സ്വന്തമാക്കി. വിട്ടുകൊടുക്കാതെ നദാലും. 49 മിനിറ്റ് നീണ്ട ഒന്നാം സെറ്റ് റഫ 6-3ന് സ്വന്തമാക്കുകയായിരുന്നു.
റൂഡിന്റെ മേൽക്കൈയോടെയാണ് രണ്ടാം സെറ്റ് തുടങ്ങിയത്. ഇടക്ക് നദാൽ തിരിച്ചുവന്നെങ്കിലും നോർവീജിയൻ പോരാട്ടവീര്യം കാഴ്ചവെച്ച് 1-3ലേക്ക് വരെ കാര്യങ്ങളെത്തിച്ചു. പിന്നെ ഇഞ്ചോടിഞ്ച്. 51 മിനിറ്റ് നീണ്ട സെറ്റിൽ ഇതിഹാസത്തിന് മുന്നിൽ വീണ്ടും അടിയറവ്. സ്കോർ 6-3 തന്നെ. മൂന്നാം സെറ്റിൽ കണ്ടത് നദാലിന്റെ ഏകപക്ഷീയ മുന്നേറ്റം. ഒരു ഗെയിം പോലും നേടാൻ കഴിയാതെ റൂഡ് കീഴടങ്ങി, 6-0.
ഡബ്ൾസ്: ഗാർസിയ-മെലേനോവിച്, ഇവാൻ-ക്രജിസെക് സഖ്യങ്ങൾക്ക്
പാരിസ്: ആതിഥേയ ജോടിയായ കരോലിൻ ഗാർസിയയും ക്രിസ്റ്റിന മെലേനോവിചും ഫ്രഞ്ച് ഓപൺ ടെന്നിസ് വനിത ഡബ്ൾസ് കിരീടം ചൂടി. അമേരിക്കയുടെ കോകോ ഗോഫ്-ജെസിക പെഗുല സഖ്യത്തെ 2-6, 6-3, 6-2 സ്കോറിനാണ് ഫൈനലിൽ തോൽപിച്ചത്. 2016ലും ഗാർസിയ-മെലേനോവിച് കൂട്ടുകെട്ട് ജേതാക്കളായിരുന്നു. വനിത സിംഗ്ൾസ് ഫൈനലിൽ പരാജയപ്പെട്ടതിന് പിറകെയാണ് ഗോഫിന്റെ ഡബ്ൾസ് തോൽവി.
അതേസമയം, പുരുഷ ഡബ്ൾസിൽ എൽ സാൽവഡോറിന്റെ മാഴ്സെലോ അരെവാലോയും നെതർലൻഡ്സിന്റെ ജീൻ ജൂലിയൻ റോജറും ചേർന്ന് കിരീടം സ്വന്തമാക്കി. ക്രൊയേഷ്യയുടെ ഇവാൻ ഡോഡിഗ്-അമേരിക്കയുടെ ഓസ്റ്റിൻ ക്രജിസെക് ടീമിനെ 6-7 (4/7), 7-6 (7/5), 6-3 സ്കോറിനാണ് വീഴ്ത്തിയത്. മധ്യ അമേരിക്കയുടെ ആദ്യ ഗ്രാൻഡ് സ്ലാം ചാമ്പ്യനായി ഇതോടെ മാഴ്സെലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.