ആസ്ട്രേലിയൻ ഓപണിന്റെ രണ്ടാം റൗണ്ടിലെ പുറത്താവൽ റഫേൽ നദാൽ എന്ന സ്പാനിഷ് ടെന്നിസ് ഇതിഹാസത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ആറ് മാസമായി പരിക്കുകളോട് പോരാടുന്ന 36കാരൻ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ അമേരിക്കക്കാരനായ ലോക 65ാം റാങ്കുകാരൻ മക്കെൻസി മക്ഡൊണാൾഡിനോടാണ് പരാജയപ്പെട്ടത്. 6-4, 6-4, 7-5 എന്ന സ്കോറിനായിരുന്നു 22 തവണ ഗ്രാന്റ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ താരത്തിന്റെ തോൽവി.
2016ന് ശേഷം മെൽബൺ പാർക്കിൽ നദാലിന്റെ ആദ്യ പുറത്താകലാണിത്. മത്സരത്തിനിടെ, ഫോർഹാൻഡ് അടിക്കാൻ ഓടുന്നതിനിടയിൽ നദാലിന്റെ ഇടത് ഇടുപ്പിന് വേദന അനുഭവപ്പെടുകയും മെഡിക്കൽ ടൈംഔട്ട് എടുക്കുകയും ചെയ്തിരുന്നു. പരിക്ക് വകവെക്കാതെ, നദാൽ മൂന്നാം സെറ്റിൽ പോരാടിയെങ്കിലും വിജയത്തിലെത്താനായില്ല. മത്സരത്തിനിടയിൽ പരിക്ക് വലക്കുന്നത് കണ്ട് ഗാലറിയിൽ നദാലിന്റെ ഭാര്യ മെറി പെരെല്ലോ അസ്വസ്ഥയാകുന്നതും കണ്ണീർ വാർക്കുന്നതും കാണാമായിരുന്നു.
രണ്ട് ദിവസമായി തനിക്ക് ഇടുപ്പ് പ്രശ്‌നമുണ്ടായിരുന്നുവെന്ന് മത്സരത്തിന് തൊട്ടുമുമ്പ് നദാൽ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം 21ാം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കി നദാൽ റെക്കോഡ് കുറിച്ചത് ആസ്‌ട്രേലിയൻ ഓപണിലായിരുന്നു. തോൽവി നദാലിന്റെ റാങ്കിങ്ങിലും ഇടിവുണ്ടാക്കിയേക്കും. പരിക്കിൽനിന്ന് കരകയറി മികച്ച ഫോമിലേക്ക് മടങ്ങാൻ നദാലിന് കഴിയുമോ, അതോ ഒരു യുഗത്തിന് അന്ത്യം കുറിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.