ചരിത്രത്തിലേക്ക് റാക്കറ്റേന്തി സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിച്. ഫ്രഞ്ച് ഓപൺ പുരുഷ സിംഗ്ൾസ് കിരീടം നേടിയ താരം ഗ്രാൻഡ്സ്ലാം നേട്ടത്തിൽ ലോക റെക്കോഡ് കുറിച്ചു.
ഫൈനലിൽ നോർവേക്കാരനായ കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ദ്യോകോവിച് വീഴ്ത്തിയത്. സ്കോർ: 7-6, 6-3, 7-5. ജയത്തോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടുന്ന താരമായി ദ്യോകോവിച്. ഇതോടെ താരത്തിന്‍റെ ഗ്രാൻഡ്സ്ലാം കിരീട നേട്ടം 23 ആയി. സ്പാനിഷ് താരം റാഫേൽ നദാലിനെ പിന്തള്ളിയാണ് ദ്യോകോവിച് പുരുഷ ടെന്നിസിലെ ഗ്രാൻഡ്സ്ലാം കിരീടനേട്ടത്തിൽ ഒന്നാമനായത്. 22 ഗ്രാൻഡ്സ്ലാം കിരീടവുമായി ഇതുവരെ നദാലിനൊപ്പമായിരുന്നു.
ദ്യോകോവിചിന്‍റെ മൂന്നാം ഫ്രഞ്ച് ഓപൺ കിരീടമാണിത്. ലോക ഒന്നാം നമ്പർ താരം സ്പെയിനിന്റെ കാർലോസ് അൽകാരസിനെ തോൽപിച്ചാണ് ദ്യോകോ 34ാം ഗ്രാൻഡ്സ്ലാം ഫൈനലിന് ടിക്കറ്റെടുത്തത്. ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ മറികടന്ന് റൂഡുമെത്തി. കഴിഞ്ഞ വർഷവും റൂഡ് ഫ്രഞ്ച് ഓപൺ ഫൈനലിലുണ്ടായിരുന്നെങ്കിലും നദാലിനോട് തോൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.