വിലക്കു വീണ കാലം കടന്ന് വീണ്ടും ആസ്ട്രേലിയയിലെത്തിയ നൊവാക് ദ്യോകോവിച്ചിന് വരവ് വെറുതെയല്ലെന്ന പ്രഖ്യാപനമായി അഡ്ലെയ്ഡ് ഓപൺ കിരീടം. അമേരിക്കൻ താരം സെബാസ്റ്റ്യൻ കോർഡയെ ആണ് 6-7 (8-10) 7-6 (7-3) 6-4ന് കീഴടക്കിയത്. ടൂർണമെന്റിൽ ആദ്യമായി ഒരു സെറ്റ് നഷ്ടപ്പെടുത്തിയെങ്കിലും എതിരാളിക്ക് കൂടുതൽ പഴുത് നൽകാതെയായിരുന്നു ആധികാരിക വിജയം.
ഇതോടെ, 92 എ.ടി.പി കിരീടങ്ങളെന്ന ചരിത്രത്തിനൊപ്പം താരമെത്തി. റാഫേൽ നദാൽ, ജിമ്മി കോണേഴ്സ്, റോജർ ഫെഡറർ, ഇവാൻ ലെണ്ടൽ എന്നിവർ മാത്രമാണ് മുമ്പ് ഇത്രയും കിരീടങ്ങൾ പിടിച്ചത്.
2022ൽ നാടുകടത്തപ്പെട്ട ശേഷം ആദ്യമായാണ് താരം ആസ്ട്രേലിയയിലെത്തുന്നത്. പങ്കെടുക്കുന്ന ആദ്യ ടൂർണമെന്റിൽ കിരീടം പിടിച്ചതോടെ ഗ്രാൻഡ് സ്ലാം നേട്ടവും അകലെയല്ലെന്ന പ്രഖ്യാപനം കൂടിയായി.
ജനുവരി ആറിനാണ് ആസ്ട്രേലിയൻ ഓപൺ മത്സരങ്ങൾക്ക് തുടക്കം. വനിതകളിൽ അര്യാന സബലെങ്ക ജേത്രിയായി. 18കാരിയായ ലിൻഡ നൊസ്കോവയെ ആണ് 6-3 7-6 (6-4)ന് മറികടന്നത്.
ആസ്ട്രേലിയൻ ഓപണിൽ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസ് ഉൾപ്പെടെ മത്സരിക്കുന്നില്ല. വനിതകളിൽ നവോമി ഒസാക, വീനസ് വില്യംസ്, എന്നിവരും പങ്കെടുക്കുന്നില്ല. ബ്രിട്ടീഷ് താരം എമ്മ റഡുകാനുവിന്റെ സാന്നിധ്യം അനിശ്ചിതത്വത്തിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.