ടെന്നിസിൽ പലരുടെയും പേരിലായിരുന്ന റെക്കോഡുകളിലേറെയും ഇനി ഒറ്റപ്പേരിൽ. ഏറ്റവുമൊടുവിൽ റാങ്കിങ്ങിലെ അപൂർവ നേട്ടമായ ഒന്നാം സ്ഥാനം ഏറ്റവും കൂടുതൽ കാലം നിലനിർത്തിയ സ്റ്റെഫി ഗ്രാഫ് എന്ന ജർമൻ ഇതിഹാസത്തിന്റെ റെക്കോഡും ഇനി ദ്യോകോയുടെ പേരിൽ. 377 ആഴ്ചകൾ ഒന്നാം സ്ഥാനത്ത് തുടർന്ന സ്റ്റെഫിയെ ആണ് ഒരാഴ്ച അധികം ആ പദവിയിലിരുന്ന് നൊവാക് ദ്യോകോവിച് എന്ന സെർബിയൻ താരം മറികടന്നത്. പുരുഷ ടെന്നിസിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്ക് എന്ന പദവി 2021ൽ തന്നെ ദ്യോകോ തന്റെ പേരിലാക്കിയിരുന്നു. അന്ന് സാക്ഷാൽ റോജർ ഫെഡററെയായിരുന്നു താരം മറികടന്നത്.
എക്കാലത്തെയും ഏറ്റവും വലിയ ഇതിഹാസങ്ങളിലൊന്നായ ഗ്രാഫിന്റെ റെക്കോഡ് സ്വന്തമാക്കാനായതിൽ അഭിമാനവും അതിരറ്റ സന്തോഷവുമുണ്ടെന്ന് ദ്യോകോ പറഞ്ഞു. 1987 മുതൽ 1999 വരെ കാലയളവിൽ 22 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ചൂടിയ സ്റ്റെഫി 1987ലാണ് വനിത ടെന്നിസിൽ ആദ്യമായി ഒന്നാംസ്ഥാനത്തെത്തുന്നത്. തുടർച്ചയായ 186 ആഴ്ചകൾ അതേ പദവി നിലനിർത്തി. പിന്നീട് ചിത്രത്തിൽ സെറീന വില്യംസ് കൂടി രംഗത്തെത്തിയതോടെ ഇരുവരും തമ്മിലായി പ്രധാന പോര്.
അതേ സമയം, 2011 ജൂലൈയിലാണ് നൊവാക് ദ്യോകോവിച്ച് ആദ്യമായി ഒന്നാം നമ്പർ പദവി പിടിക്കുന്നത്. റോജർ ഫെഡററും റാഫേൽ നദാലും വാണ മൈതാനത്ത് ഇരുവരുടെയും നിഴലിലായപ്പോഴും ആദ്യ റാങ്കുകളിൽ തന്നെ തുടർന്നു. ഒന്നാം സ്ഥാനവും പലഘട്ടങ്ങളിലായി തന്റെ പേരിലാക്കി. 2014 മുതൽ 2016 വരെ കാലയളവിൽ തുടർച്ചയായ 122 ആഴ്ചകൾ ഒന്നാമനായി. എന്നാൽ, തുടർച്ചയായ ആഴ്ചകളുടെ റെക്കോഡിൽ ഒന്നാമൻ റോജർ ഫെഡററാണ്- 237 ആഴ്ച. ജിമ്മി കോണേഴ്സ്- 160, ഇവാൻ ലെൻഡൽ- 157 എന്നിവരും മുന്നിലുണ്ട്.
2021ൽ തുടർച്ചയായ ഏഴാം വർഷം ഒന്നാം നമ്പർ പദവിയെന്ന പദവിയും ദ്യോകോ തന്റെ പേരിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.