സിഡ്നി: ലോകം കണ്ണുംനട്ടിരിക്കുന്ന ഒന്നാം നമ്പർ താരമായിട്ടും വിമാനമിറങ്ങിയ ഉടൻ വിസ റദ്ദാക്കി തടവിലാക്കിയ ആസ്ട്രേലിയൻ സർക്കാറിനെതിരെ കോടതിയിൽ ജയിച്ച് നൊവാക് ദ്യോകോവിച്. ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞ് വിസ റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും താരത്തെ 30 മിനിറ്റിനകം മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കോടതി ചെലവുകളും സർക്കാർ നൽകണം. ഇതുപ്രകാരം തടവുകേന്ദ്രത്തിൽനിന്ന് മോചിതനായ താരം പരിശീലനം ആരംഭിച്ചതായി സഹോദരൻ അറിയിച്ചു.
എന്നാൽ, കോടതി പറഞ്ഞാലും അംഗീകരിക്കൽ നിർബന്ധമില്ലെന്നും ഇനിയും വിസ റദ്ദാക്കി മൂന്നു വർഷത്തേക്ക് വിലക്കേർപ്പെടുത്താൻ കുടിയേറ്റ മന്ത്രാലയത്തിന് അധികാരമുണ്ടെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. വിഷയം ഇനി കുടിയേറ്റ, പൗരത്വ മന്ത്രിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് 34കാരനായ ദ്യോകോ ആസ്ട്രേലിയൻ ഓപണിൽ 10ാം കിരീടം ലക്ഷ്യമിട്ട് മെൽബണിൽ വിമാനമിറങ്ങിയത്. ഗംഭീര വരവേൽപ് നൽകേണ്ട ടുല്ലാമറൈൻ വിമാനത്താവള അധികൃതർ താരത്തെ പിടിച്ച് അനധികൃത കുടിയേറ്റക്കാരെ തടവിലാക്കുന്ന പാർക് ഹോട്ടലിലേക്കു മാറ്റുകയായിരുന്നു.
ഉദ്യോഗസ്ഥതലത്തിൽ ആദ്യ ദിവസം നേരിട്ട കടുത്ത നടപടികൾ അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. രണ്ടു മെഡിക്കൽ ബോർഡുകൾ അംഗീകരിച്ച ശേഷം നൽകിയ വിസയായിട്ടും മനുഷ്യത്വരഹിതമായി റദ്ദാക്കുകയായിരുന്നുവെന്നും രാവിലെ പ്രാതൽപോലും നൽകിയില്ലെന്നും അവർ കോടതിയെ അറിയിച്ചു. ഇതുകേട്ട ജഡ്ജി അടിയന്തരമായി മോചിപ്പിക്കണമെന്ന് ഉത്തരവിടുകയായിരുന്നു. കോടതി ഒപ്പം നിന്നതിൽ സന്തോഷമുണ്ടെന്നും അതിപ്രധാനമായ പോരാട്ടത്തിനാണ് രാജ്യത്തെത്തിയതെന്നും ദ്യോകോവിച്ച് ട്വിറ്ററിൽ കുറിച്ചു.
ജനുവരി 17നാണ് ആസ്ട്രേലിയൻ ഓപൺ മത്സരങ്ങൾ ആരംഭിക്കുന്നത്. താരങ്ങളുടെ നറുക്കെടുപ്പ് 13ന് നടക്കും. അതേസമയം, അപ്പീൽ ജയിച്ചതോടെ സഹതാരം റാഫേൽ നദാൽ ഉൾപ്പെടെ താരങ്ങൾ ദ്യോകോക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാൽ, വാക്സിനെടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂവായിരുന്നുവെന്നും അത് ഒഴിവാക്കിയതാണ് ഇത്രയും പ്രശ്നങ്ങളുണ്ടാക്കിയതെന്നും മാർടിന നവരത്ലോവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.