പാരീസ്: കളിമൺ കോർട്ടിന്‍റെ രാജാവിന് വീണ്ടും അടിപതറി. റൊളാൻഡ് ഗാരോസിൽ റാഫേൽ നദാലിനെ രണ്ട് വട്ടം തോൽപിക്കുന്ന ആദ്യ താരമെന്ന നേട്ടം ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച് സ്വന്തമാക്കി. 13 തവണ ജേതാവായ നദാലിനെ നാല് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ മറികടന്ന് ദ്യോകോ ഫ്രഞ്ച് ഓപൺ ഫൈനലിൽ കടന്നു. സ്കോർ: 3-6, 6-3, 7-6, 6-2.
2005ൽ അരങ്ങേറ്റം കുറിച്ച ശേഷം കളിമൺ കോർട്ടിൽ 108 മത്സരങ്ങൾ കളിച്ച നദാൽ ആകെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് തോൽവി വഴങ്ങിയത്. 2015 ഫ്രഞ്ച് ഓപൺ ക്വാർട്ടറിലായിരുന്നു കളിമൺ കോർട്ടിൽ ദ്യോകോ ആദ്യം നദാലിനെ തോൽപിച്ചത്. പാരീസിൽ അവസാനം നടന്ന നാല് ഗ്രാൻഡ്സ്ലാം ഫൈനലുകളിലും നദാലായിരുന്നു ജേതാവ്.
ഇത് അഞ്ചാം തവണയാണ് ദ്യോകോവിച് ഫ്രഞ്ച് ഓപൺ ഫൈനലിലെത്തുന്നത്. 2016ൽ സെർബിയൻ താരം ഇവിടെ ജേതാവായിരുന്നു. ആദ്യ സെറ്റ് വിജയിച്ച ശേഷം ആദ്യമായാണ് നദാൽ റൊളാൻഡ് ഗാരോസിൽ ഒരു മത്സരം തോൽക്കുന്നത്.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഗ്രീസിന്‍റെ സ്റ്റിഫാനോസ് സിറ്റ്സിപാസാണ് ദ്യോകോയുടെ എതിരാളി. ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ തോൽപിച്ചായിരുന്നു സിറ്റ്സിപാസിന്റെ ഫൈനൽ പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.