ലണ്ടൻ: മുൻ ജേതാവ് സെർബിയയുടെ നൊവാക് ദ്യോകോവിച്ച് ഫ്രഞ്ച് ഓപൺ ടെന്നിസിന്റെ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ. പെറുവിന്റെ യുവാൻ പാബ്ലോ വാരിയസിനെ 6-3, 6-2, 6-2 എന്ന സ്കോറിന് അനായാസം തോൽപിച്ചാണ് ദ്യോകോ അവസാന എട്ടിലെത്തിയത്. 17 തവണ ഫ്രഞ്ച് ഓപണിന്റെ ക്വാർട്ടറിലെത്തിയതിന്റെ റെക്കോഡും ദ്യോകോവിച്ച് സ്വന്തമാക്കി. 22 ഗ്രാന്റ്സ്ലാം കിരീടമുള്ള ദ്യോകോവിച്ച് രണ്ട് തവണ മാത്രമാണ് ഫ്രഞ്ച് ഓപണിൽ ജേതാവായത്. ഇറ്റലിയുടെ ലോറൻസോ സെനാഗോയെ മറികടന്ന് റഷ്യയുടെ ഖരേൻ ഖചാനോവും പുരുഷ വിഭാഗത്തിൽ അവസാന എട്ടിലെത്തി. സ്കോർ: 1-6, 6-4, 7-6, 6-1.
വനിത സിംഗിൾസിൽ റഷ്യയുടെ അനസ്താസ്യ പാവ്ല്യുചെങ്കോവ ആദ്യ സെറ്റ് നഷ്ടമായ ശേഷം ബെൽജിയത്തിന്റെ എലിസെ മെർട്ടൻസിനെ പരാജയപ്പെടുത്തി ക്വാർട്ടറിലെത്തി (3-6, 7-6, 6-3). വനിത ഡബ്ൾസ് മത്സരത്തിന്റെ ഇടവേളയിൽ ജാപ്പനീസ് താരം മിയു കാട്ടോ ബാൾ ഗേളിന്റെ മുഖത്ത് അബദ്ധത്തിൽ പന്ത് തട്ടിയതിനെ തുടർന്ന് ടീമിനെ അയോഗ്യയാക്കി. ഇന്തോനേഷ്യയുടെ അൽദില സത്ജിയാദിക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം.
രണ്ടാം സെറ്റിലെ നാലാം ഗെയിം അവസാനിച്ചയുടനായിരുന്നു സംഭവം. കോട്ടോ തട്ടിയകറ്റിയ പന്ത് എതിർഭാഗത്ത് നിന്ന ബാൾ ഗേളിന്റെ മുഖത്ത് കൊണ്ടു. ചെയർ അമ്പയർ വിഷയം താക്കീതിലൊതുക്കി. മിയു കോട്ടോ പെൺകുട്ടിയുടെ അടുത്തെത്തി ക്ഷമ പറഞ്ഞു. എന്നാൽ, പന്ത് മുഖത്തേറ്റ പെൺകുട്ടി കരഞ്ഞതോടെ കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു. എതിരാളികളായ മേരി ബൂസ്കോവയും സാറ സോറിബ്സ് ടോർമോയുമാണ് പെൺകുട്ടി കരയുന്നത് അമ്പയറുടെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്നായിരുന്നു കടുത്ത തീരുമാനം. ഇതോടെ എതിരാളികൾക്ക് പ്രീക്വാർട്ടറിലേക്ക് വാക്കോവർ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.