സിഡ്നി: ലോക ഒന്നാംനമ്പർ ടെന്നീസ് താരമായ സെർബിയയുടെ നൊവാക് ദ്യോകോവിച്ചിന് കനത്ത തിരിച്ചടി. വിസ റദ്ദാക്കിയ ആസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നപടി ചോദ്യം ചെയ്ത് ദ്യോകോവിച്ച് നല്‍കിയ അപ്പീല്‍ കോടതി തള്ളി. നാളെ ആരംഭിക്കാനിരിക്കുന്ന ആസ്ട്രേലിയൻ ഓപ്പണിൽ ദ്യോകോവിച്ചിന് മത്സരിക്കാനാവില്ല. വിസ റദ്ദായതോടെ താരത്തെ ഉടൻ നാടുകടത്തും. മൂന്ന് വർഷത്തേക്ക് ആസ്ട്രേലിയയിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.
വാക്സിനെടുക്കാതെ ആസ്ട്രേലിയൻ ഓപൺ കളിക്കാനെത്തിയതാണ് ദ്യോകോവിച്ചിന് തിരിച്ചടിയായത്. ഇതേത്തുടർന്ന് ദ്യോകോവിച്ചിനെ പൊതുജനാരോഗ്യത്തിന് ഭീഷണിയായി ആസ്ട്രേലിയൻ അധികൃതർ പ്രഖ്യാപിക്കുകയായിരുന്നു. 34കാരനായ താരത്തെ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ജനുവരി ആറിനാണ് താരത്തിന്റെ വിസ ആദ്യം റദ്ദാക്കിയത്. ദിവസങ്ങൾ തടവിൽ കഴിഞ്ഞശേഷം കോടതി ഇടപെട്ട് പുനഃസ്ഥാപിച്ചിരുന്നു. ഇതുപ്രകാരം കോർട്ടിൽ പരിശീലനം നടത്തുന്നതിനിടെ കുടിയേറ്റ മന്ത്രി അലക്സ് ഹോക്ക് പ്രത്യേക അധികാരം പ്രയോഗിച്ച് വീണ്ടും വിസ റദ്ദാക്കി. മൂന്നു വർഷത്തേക്ക് യാത്രാവിലക്കും പ്രഖ്യാപിച്ചു. രാജ്യത്ത് ജനം കലാപത്തിനിറങ്ങാൻ സാധ്യതയുണ്ടെന്നു പറഞ്ഞായിരുന്നു നടപടി. കടുത്ത കോവിഡ് ലോക്ഡൗൺ തുടരുന്ന രാജ്യത്ത് വാക്സിനെടുക്കാത്ത വിദേശ താരത്തിന് അനുമതി നൽകിയതിൽ പ്രതിഷേധമുയർന്നിരുന്നു.
10ാം ആസ്ട്രേലിയൻ ഓപൺ കിരീടമെന്ന റെക്കോർഡ് നേട്ടം ലക്ഷ്യമിട്ടിറങ്ങിയ ദ്യോകോവിച്ചിന് വിലക്ക് കനത്ത തിരിച്ചടിയായി. ഇതോടെ, സംഘാടകർക്ക് ദ്യോകോയെ ഒഴിവാക്കി ഇനി പുതിയ ഷെഡ്യൂൾ പ്രഖ്യാപിക്കേണ്ടിവരും.
ഡിസംബര്‍ 16ന് താന്‍ കോവിഡ് പോസിറ്റീവായിരുന്നതിനാലാണ് വാക്സിന്‍ എടുക്കാതിരുന്നത് എന്നാണ് ദ്യോകോ കോടതിയില്‍ വാദിച്ചത്. എന്നാല്‍, അതിന്റെ പിറ്റേന്ന് ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇതോടെ കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകള്‍ താരത്തിന് തന്നെ സമ്മതിക്കേണ്ടിവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.