മെൽബൺ: പത്താം ആസ്ട്രേലിയൻ ഓപൺ കിരീടവും 22ാം ഗ്രാൻഡ്സ്ലാം ട്രോഫിയുമായി നൊവാക് ദ്യോകോവിച് വീണ്ടും ടെന്നിസ് ലോകത്തിന്റെ നെറുകയിൽ. ലോക ഒന്നാം നമ്പർ സ്ഥാനവും തിരിച്ചുപിടിച്ച 35കാരൻ കോവിഡ് വാക്സിൻ എടുക്കാത്തതിന്റെ പേരിൽ കഴിഞ്ഞതവണ വിസ നിഷേധിച്ച ആസ്ട്രേലിയയുടെ നടുമുറ്റത്ത് കിരീടമുയർത്തി മധുരമായി പ്രതികാരം വീട്ടുകയും ചെയ്തു.
മെൽബൺ പാർക്കിലെ റോഡ് ലേവർ അരീനയിൽ മൂന്നാം സീഡായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപിച്ചായിരുന്നു ദ്യോകോയുടെ കിരീടധാരണം. സ്കോർ 6-3, 7-6, 7-6. ആദ്യ സെറ്റ് അനായാസം നേടിയ ദ്യോകോവിചിനെതിരെ രണ്ടും മൂന്നും സെറ്റുകളിൽ സിറ്റ്സിപാസ് മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ടൈബ്രേക്കറുകളിൽ പിഴച്ചതോടെ മത്സരം മൂന്നു സെറ്റുകളിൽ കൈവിട്ടു.
ഇതുവരെ ഗ്രാൻഡ്സ്ലാം ട്രോഫിയിൽ മുത്തമിടാനായിട്ടില്ലാത്ത 24കാരനായ സിറ്റ്സിപാസിന്റെ രണ്ടാം ഫൈനൽ തോൽവിയാണിത്. രണ്ടു തവണയും മുട്ടുകുത്തിയത് ദ്യോകോവിചിനുമുന്നിൽ തന്നെ. 2021 ഫ്രഞ്ച് ഓപൺ ഫൈനലിലായിരുന്നു ആദ്യ തോൽവി. 22ാം ഗ്രാൻഡ്സ്ലാം സിംഗ്ൾസ് കിരീടത്തോടെ ദ്യോകോവിച് റാഫേൽ നദാലിന്റെ നേട്ടത്തിനൊപ്പമെത്തി. 20 കിരീടങ്ങളുള്ള റോജർ ഫെഡററാണ് അടുത്തുള്ളത്.
കൂടുതൽ ആസ്ട്രേലിയൻ ഓപൺ കിരീടങ്ങളെന്ന റെക്കോഡ് നേരത്തേ തന്നെ സ്വന്തമായുള്ള ദ്യോകോ പത്താം തവണയാണ് മെൽബൺ പാർക്കിൽ ജേതാവാകുന്നത്. ആറു വീതം ആസ്ട്രേലിയൻ ഓപൺ ട്രോഫികൾ കൈവശമുള്ള റോജർ ഫെഡററും റോയ് എമേഴ്സണുമാണ് പിറകിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.