കായികലോകം ഇപ്പോൾ 20 കാരനായ കാർലോസ് അൽകാരസിന്റെ പുറകെയാണ്. സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിചിനെ വീഴ്ത്തി വിംബ്ൾഡൺ കിരീടം ചൂടിയ സ്പാനിഷ് യുവതാരത്തിനെ സമൂഹ മാധ്യമങ്ങളിൽ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ടെന്നീസ് പ്രേമികൾ. 24ാം ഗ്രാൻഡ്സ്ലാം സിംഗ്ൾസ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദ്യോകോവിചിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക ഒന്നാം നമ്പർ അൽകാരസ് പരാജയപ്പെടുത്തിയത്. 2019ന് ശേഷം ആദ്യമായിട്ടായിരുന്നു വിംബ്ൾഡൺ പുരുഷ സിംഗ്ൾസ് ഫൈനൽ അഞ്ചാം സെറ്റിലേക്ക് കടന്നത്.
ദ്യോകോവിചിനെ തോൽപ്പിച്ച് കിരീടം ചൂടിയ അൽകാരസിനെ ദ്യോകോവിചിന്റെ ഭാര്യ ജെലീനയും മകൻ സ്റ്റെഫാനും അഭിനന്ദിക്കുന്ന ഹൃദയസ്പർഷിയായ വിഡിയോ ഇപ്പോൾ വൈറലാവുകയാണ്. അതിന്റെ വീഡിയോ വിംബിൾഡൺ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, സ്പാനിഷ് യുവതാരത്തെ ദ്യോകോ തന്നെ ഇന്നലെ അഭിനന്ദിച്ചിരുന്നു. അൽകാരസിന്റെ പ്രകടനം ക്ലാസായിരുന്നുവെന്നും അതുപോലൊരു എതിരാളിയെ താൻ മുമ്പ് നേരിട്ടിട്ടില്ലെന്നുമായിരുന്നു സെർബിയൻ താരം പറഞ്ഞത്. “സത്യം പറഞ്ഞാൽ അവനെപ്പോലെ ഒരു കളിക്കാരനെ ഞാൻ ഇതുവരെ നേരിട്ടിട്ടില്ല. റോജർ, റാഫ, പിന്നെ എന്റെയും കളിയോട് സാമ്യമുള്ള അവന്റെ ഗെയിമിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് കാലമായി ആളുകൾ സംസാരിക്കുന്നുണ്ടെന്ന് കരുതുന്നു. ഞാൻ അതിനോട് യോജിക്കും’’. - ദ്യോകോ പറഞ്ഞു.
1986-ൽ ബോറിസ് ബെക്കറിന് ശേഷം പുരുഷ വിംബിൾഡൺ ചാമ്പ്യൻമാരിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായി അൽകാരാസ് മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.