ടെന്നിസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ ചരിത്ര നേട്ടത്തിലേക്ക്. പുരുഷ ഡബിൾസിൽ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോഡിലേക്കാണ് 43കാരൻ ചുവടുവെക്കുന്നത്. ആസ്ട്രേലിയൻ ഓപണിൽ ആസ്ട്രേലിയക്കാരൻ മാത്യു എബ്ദേനൊപ്പം സെമിഫൈനലിൽ പ്രവേശിച്ചതോടെയാണ് ബൊപ്പണ്ണ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. നിലവിൽ മൂന്നാമതുള്ള താരം പുതിയ റാങ്കിങ് വരുമ്പോൾ ഒന്നാമതാകും.
ആസ്ട്രേലിയൻ ഓപൺ ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ ആറാം സീഡ് സഖ്യം മാക്സിമോ ഗോൺസാലസ്-ആന്ദ്രെ മൊൽത്തേനി എന്നിവരെ 6-4, 7-6 (5) എന്ന സ്കോറിന് തോൽപിച്ചാണ് രണ്ടാം സീഡ് സഖ്യം സെമിഫൈനലിലേക്ക് മുന്നേറിയത്. സെമിയിൽ സീഡ് ചെയ്യപ്പെടാത്ത തോമസ് മഷാക്-സീസെൻ സാങ് സഖ്യമാണ് എതിരാളികൾ.
20 വർഷം മുമ്പ് ടെന്നിസ് കോർട്ടിൽ അരങ്ങേറ്റം കുറിച്ച ബൊപ്പണ്ണ മാത്യു എബ്ദേനോപ്പം കഴിഞ്ഞ യു.എസ് ഓപൺ ഫൈനലിലെത്തിയതോടെയാണ് റാങ്കിങ്ങിലെ കുതിപ്പ് തുടങ്ങിയത്. അടുത്തയാഴ്ച പുറത്തുവരുന്ന പുതിയ റാങ്കിങ്ങിൽ മാത്യു എബ്ദേൻ രണ്ടാം റാങ്കിലുമെത്തും. 38ാം വയസ്സിൽ ഒന്നാം റാങ്കിലെത്തിയ യു.എസ്.എയുടെ രാജീവ് റാമിന്റെ പേരിലാണ് നിലവിലെ പ്രായം കൂടിയ ഒന്നാം റാങ്കുകാരനെന്ന റെക്കോഡ്. ഇന്ത്യൻ താരങ്ങളായ ലിയാണ്ടർ പേസ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവരും ഡബിൾസ് ഒന്നാം റാങ്കിലെത്തിയവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.