പാരിസ്: വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതിന് ജപ്പാൻ താരം നവോമി ഒസാക്കയ്ക്ക് വൻ തുക പിഴയിട്ട് ഫ്രഞ്ച് ഓപ്പൺ സംഘാടകർ. 15,000 ഡോളർ (10.87 ലക്ഷം രൂപ) പിഴയാണ് ചുമത്തിയത്. ഫ്രഞ്ച് ഓപ്പണിലെ ആദ്യമത്സരം വിജയിച്ചതിന് പിന്നാലെയുള്ള വാർത്താസമ്മേളനത്തിൽ താരം പങ്കെടുത്തിരുന്നില്ല. ഇനിയും വാർത്താസമ്മേളനങ്ങൾ ഒഴിവാക്കുകയാണെങ്കിൽ വിലക്കേർപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്. ആദ്യമത്സരത്തിൽ റുമാനിയൻ താരം പട്രിഷ്യ മരിയ ടിഗിെൻറ ചെറുത്തുനിൽപ്പിനെ ടൈബ്രേക്കറിലാണ് ഒസാക മറികടന്നത്. സ്കോർ 6-4, 7-6.
ഫ്രഞ്ച് ഓപ്പണിനിടെ വാർത്താസമ്മേളനങ്ങളിൽ പങ്കെടുക്കില്ലെന്ന് നവോമി ഒസാക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. മാനസിക സമ്മർദം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് വാർത്താസമ്മേളനങ്ങൾ ഒഴിവാക്കുന്നത് എന്നായിരുന്നു ലോക രണ്ടാംനമ്പർ താരത്തിന്‍റെ വിശദീകരണം. കായികതാരങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ആളുകൾക്ക് യാതൊരു പരിഗണനയുമില്ലെന്ന് വാർത്താസമ്മേളനം കാണുമ്പോഴും പങ്കെടുക്കുമ്പോഴും തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ഒസാക്ക പറയുന്നു. ഒസാക്കയുടെ തീരുമാനത്തെ വിമർശിച്ച് റഫേൽ നദാൽ, ഡാനിൽ മെദ്വദേവ്, ആഷ്ലി ബാർട്ടി തുടങ്ങിയ താരങ്ങൾ രംഗത്തെത്തിയിരുന്നു.
ടെന്നീസ് ടൂർണമെന്‍റുകളുടെ നിയമാവലി പ്രകാരം താരങ്ങൾ മത്സരത്തിന് ശേഷം വാർത്താസമ്മേളനം നടത്തണം. മത്സരങ്ങൾക്ക് മുമ്പും മാധ്യമങ്ങളെ കാണുന്നവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.