ദോഹ: ഖത്തർ ഓപൺ ടെന്നിസ് പുരുഷ സിംഗ്ൾ പോരാട്ടത്തിന് ആവേശം പകർന്ന് മുൻ ലോക ഒന്നാം നമ്പർ താരം ആൻഡി മറെ സെമിഫൈനലിൽ. പരിക്കും ഫോമില്ലായ്മയും വലച്ച ഇടവേളക്കൊടുവിൽ ഉശിരൻ ഫോമോടെ മുന്നേറുന്ന ആൻഡി മറെ, ക്വാർട്ടർ ഫൈനലിലെ ആദ്യ സെറ്റിൽ വീണ ശേഷമായിരുന്നു തിരിച്ചെത്തിയത്. 170ാം റാങ്കുകാരനായ ഫ്രാൻസിന്റെ അലക്സാണ്ടർ മ്യൂളറെ മൂന്നു മത്സരത്തിലാണ് വീഴ്ത്തിയത്. സ്കോർ: 4-6, 6-1, 6-2. സെമിയിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ജിരി ലെഹകയാവും മറെയുടെ അടുത്ത എതിരാളി. ടോപ് സീഡ് താരം റഷ്യയുടെ ആന്ദ്രേ റുബ്ലേവിനെ തോൽപിച്ചാണ് ലെഹകയുടെ മുന്നേറ്റം.
രണ്ടു മണിക്കൂറിലേറെ നീണ്ട അങ്കത്തിൽ പോരാട്ടവീര്യം കൈവിടാതെയായിരുന്നു വിംബ്ൾഡൺ, യു.എസ് ഓപൺ ചാമ്പ്യനായ ആൻഡി മറെയുടെ കുതിപ്പ്. ആദ്യ സെറ്റിലെ രണ്ടാം ഗെയിംതന്നെ ബ്രേക്ക് ചെയ്ത് മറെ എതിരാളിക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അടുത്ത നാലു ഗെയിമും പിടിച്ച് മ്യൂളർ ഒന്നാം സെറ്റ് പിടിച്ചു. എന്നാൽ, രണ്ടാം സെറ്റിൽ സർവാധിപത്യം സ്ഥാപിച്ചായിരുന്നു കുതിപ്പ്. എതിരാളിക്ക് ഒരു പോയന്റ് മാത്രം സമ്മാനിച്ച് സെറ്റ് പിടിച്ച് ഒപ്പമെത്തി. നിർണായകമായ മൂന്നാം സെറ്റിലും ഇതേ മികവോടെയായിരുന്നു മറെ കളിപിടിച്ചത്. കഴിഞ്ഞ ജൂണിൽ സ്റ്റുട്ട്ഗട്ട് ഓപൺ സെമിയിലെത്തിയശേഷം മറെയുടെ ആദ്യ സെമിഫൈനൽ പ്രവേശനമാണ് ഖത്തറിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.