മെൽബൺ: ടെന്നിസ് കോർട്ടിലെ 'കാളക്കൂറ്റൻ' റാഫേൽ നദാലിനും റെക്കോഡ് ഗ്രാൻഡ്സ്ലാം നേട്ടത്തിനുമിടയിൽ ഇനി ഒരു മത്സരത്തിന്റെ അകലം മാത്രം. ആസ്ട്രേലിയൻ ഓപണിൽ ഫൈനലിൽ കടന്നതോടെ ലോകത്ത് ഒരു പുരുഷ താരവും ഇതുവരെ സ്വന്തമാക്കിയിട്ടില്ലാത്ത 21ാമത് ഗ്രാൻഡ്സ്ലാം കിരീടത്തിലേക്കാണ് നദാൽ കണ്ണെറിയുന്നത്.
പരിക്കുമൂലം എത്താത്ത റോജർ ഫെഡറർക്കും വിസ പ്രശ്നത്തിൽ കുടുങ്ങി മടങ്ങിയ നൊവാക് ദ്യോകോവിചിനുമൊപ്പം 20 ഗ്രാൻഡ്സ്ലാം ട്രോഫികളാണ് ഇപ്പോൾ നദാലിന്റെ ശേഖരത്തിലുള്ളത്.
സെമിയിൽ ഏഴാം സീഡ് ഇറ്റലിയുടെ മാറ്റിയോ ബെരറ്റീനിയെ നാലു സെറ്റ് മത്സരത്തിൽ മറികടന്നാണ് ആറാം സീഡായ നദാൽ ഫൈനലിലേക്ക് മുന്നേറിയത്. സ്കോർ: 6-3, 6-2, 3-6, 6-3. രണ്ടം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവാണ് ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ സ്പെയിൻകാരന്റെ എതിരാളി. 2021ലെ യു.എസ് ഓപൺ ജേതാവായ മെദ്വദേവ് തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞവർഷം ആസ്ട്രേലിയൻ ഓപണിൽ ഫൈനലിൽ ദ്യോകോവിചിനോട് തോറ്റതിന്റെ നിരാശ മായ്ക്കാനുമുണ്ട് മെദ്വദേവിന്. സെമിയിൽ നാലാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് നാലു സെറ്റ് പോരാട്ടത്തിൽ മെദ്വദേവ് കീഴടക്കിയത്. സ്കോർ: 7-6, 4-6, 6-4, 6-1.
ആറാം തവണയാണ് നദാൽ ആസ്ട്രേലിയൻ ഓപൺ ഫൈനലിലെത്തുന്നത്. എന്നാൽ, മെൽബൺ പാർക്കിൽ ഒരു കിരീടം മാത്രമെ 35കാരന്റെ ഷോക്കേസിലുള്ളൂ. 2012ലും 2019ലും ദ്യേകോവിചിനോടും 2014ൽ സ്റ്റാൻ വാവ്റിങ്കയോടും 2017ൽ ഫെഡററോടും ഫൈനലിൽ കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.